‘പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം’; കൊൽക്കത്ത ഹൈക്കോടതിയുടെ വൃത്തികെട്ട ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
കൗമാരപ്രായക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ സാരോപദേശം എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞ് സുപ്രീം കോടതി. ഇത്തരം കേസുകളിൽ എങ്ങനെ വിധി എഴുതണം എന്നതിനുള്ള മാർഗനിർദേശങ്ങളും ജസ്റ്റിസുമാരായ എ.എസ്.ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചു. 2023 ഒക്‌ടോബർ 18ലെ വിവാദ ഹൈക്കോടതി വിധി റദ്ദാക്കിയത്.
പോക്സോ കേസിലെ പ്രതിയെ വെറുതെവിട്ടു കൊണ്ടുള്ള വിധിയിലായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. കേസിൽ പോക്‌സോ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി) പ്രകാരമുള്ള ശിക്ഷകൾ പുനഃസ്ഥാപിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. സ്വമേധയാ സ്വീകരിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി. ഇത്തരം കേസുകളിൽ എങ്ങനെ വിധി എഴുതണം എന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുമെന്നും ജസ്റ്റിസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.
ഓരോ കൗമാരക്കാരിയും അവളുടെ ശരീരത്തിന്മേലുള്ള അവകാശം സംരക്ഷിക്കുക, അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുക, രണ്ട് മിനിറ്റ് ലൈംഗികസുഖം ആസ്വദിക്കാൻ വഴങ്ങുമ്പോൾ സമൂഹത്തിന്റെ കണ്ണിൽ അവൾ എന്തിനും തയ്യാറാണെന്ന തോന്നലുണ്ടാകും, അതിനാൽ ലൈംഗിക താൽപര്യങ്ങൾ നിയന്ത്രിക്കുക എന്നിങ്ങനെയായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ വിധിയിലെ പരാമർശങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് രാജ്യത്തെ മുഴുവൻ പെൺകുട്ടികൾക്കുമായി ഹൈക്കോടതി ഈ മാർഗരേഖ നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here