അരിക്കൊമ്പനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രീം കോടതി

അരിക്കൊമ്പനു വേണ്ടി തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ പിഴയിട്ട് കൊണ്ടായിരുന്നു കോടതിയുടെ വിമർശനം. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്.

മൃഗസംരക്ഷകരുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്നും, ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയുടെ ശരീരത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്നായിരുന്നും ആവശ്യപ്പെട്ടിരുന്നു.

നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നീരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ ഹർജിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതോടെയാണ് പിഴ ചുമത്തിയത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top