മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

മറുനാടന്‍ മലയാളി ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഷാജനെതിരെ പി.വി. ശ്രീനിജന്‍ എം എല്‍ എ യുടെ പരാതിയില്‍ എടുത്ത കേസ് എസ് സി- എസ് എസ് ടി അതിക്രമ നിരോധനത്തിന്റെ പരിധിയില്‍ വരില്ലന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അടുത്ത് തവണ കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിശോധിക്കും. എറണാകുളം എളമക്കര പൊലീസാണ് എം എല്‍ എയുടെ പരാതിയില്‍ ഷാജനെതിരെ കേസെടുത്തിരിക്കുന്നത്.
ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാകാം, എന്നാൽ എസ്.സി. എസ്.ടി. നിയമപ്രകാരം കേസെടുക്കാനുള്ള പരാമർശം അല്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങളുടെ തർജ്ജമ താൻ വായിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ് പ്രതികരിച്ചു.
ഈ കേസില്‍ ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയക്കും. ഷാജന്‍ സ്‌കറിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലൂത്രയാണ് ഹാജരായത്. ഷാജൻ സ്കറിയയോട് അഭിപ്രായങ്ങളിൽ കൂടുതൽ സംയമനം പാലിക്കണമെന്ന് നിർദേശിക്കാൻ സിദ്ധാർത്ഥ് ലൂത്രയോട് കോടതി പറഞ്ഞു.
ശ്രീനിജിനെ അധിക്ഷേപിച്ച് മേയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്‌കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂൺ എട്ടിനാണ് എം.എൽ.എ എളമക്കര പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഷാജൻ ഒളിവിൽപ്പോയി. തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here