ഇലക്ടറൽ ബോണ്ട് റദ്ദാക്കണം; വിവരാവകാശ ലംഘനമെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് തിരിച്ചടി

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രത്തിന് തിരിച്ചടി. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ട് അത് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ഇലക്ടറൽ ബോണ്ട് ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്രം കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. എസ്ബിഐ ആണ് ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരുടെ വിവരം പുറത്തുവിടില്ല.

പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇലക്ടറൽ ബോണ്ടുകൾ, അനുഛേദം 19(1)a യുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകാൻ കോടതി എസ്ബിഐക്ക് നിർദേശം നൽകി. അടുത്ത മാസം 31നകം വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗമല്ല ഇലക്ടറൽ ബോണ്ടെന്ന് കോടതി വ്യക്തമാക്കി. അതിന് വേറെയും മാർഗങ്ങള്‍ ഉണ്ടെന്നും ഇലക്ടറൽ ബോണ്ട് വിവരാവകാശ ലംഘനം മാത്രമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ടുകളിലൂടെ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. 2023 നവംബറിൽ കേസ് പരിഗണിച്ച കോടതി, വാദം കേട്ടതിന് ശേഷം വിധി പറയാൻ മാറ്റിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ട് വഴി വാങ്ങിയ സംഭാവനയുടെ വിവരങ്ങൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചിരുന്നു. 2018 ജനുവരി മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top