ടിപി വധത്തില്‍ കുഞ്ഞനന്തന്റെ ശിക്ഷ റദ്ദ് ചെയ്യണം; ഭാര്യ സുപ്രീം കോടതിയില്‍

ടി.പി.ചന്ദ്രശേഖരൻ വധത്തില്‍ ഹൈക്കോടതി വിധിക്കെതിരെ പി.കെ.കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്ത സുപ്രീം കോടതിയിൽ. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയിലെത്തിയത് . കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച ശിക്ഷയും ഒരു ലക്ഷം പിഴയും റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കുഞ്ഞനന്തൻ മരിച്ചതിനാൽ ഉത്തരവ് റദ്ദാക്കണം എന്നാണ് ആവശ്യം. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് എട്ട് പ്രതികളും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസില്‍ കുഞ്ഞനന്തന്‍ 13-ാം പ്രതിയാണ്. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് 2020 ല്‍ കുഞ്ഞനന്തന്‍ മരിക്കുന്നത്. തുടർന്ന് കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്തയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. കുഞ്ഞനന്തൻ മരിച്ചുവെങ്കിലും അദ്ദേഹം ടിപി വധക്കേസിൽ കുറ്റക്കാരൻ ആണെന്ന് ഹൈക്കോടതി വിധിച്ചു. പിഴയായ ഒരു ലക്ഷം രൂപ ശാന്ത നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെയാണ് ശാന്ത സുപ്രീംകോടതിയില്‍ എത്തിയത്.

ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് വിധിക്കെതിരെ സുപ്രീം കോടതിയിലെത്തിയത്. കേസിൽ ശിക്ഷിക്കപ്പെട്ട എട്ട് പേരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതിയായ ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് എതിരെയാണ് ഇവര്‍ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

കേസിലെ പത്താം പ്രതിയായിരുന്ന കെ.കെ.കൃഷ്ണനെയും, 12-ാം പ്രതിയായിരുന്ന ജ്യോതി ബാബുവിനെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇവര്‍ക്കും പിന്നീട് ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരുന്നു. ഈ രണ്ട് പ്രതികളും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top