ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; വിസി നിയമനം ഗവർണറുടെ വിവേചനാധികാരമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം : കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് സർക്കാർ ശുപാർശ താൻ അംഗീകരിച്ചതെന്നാണ് ഗവർണറുടെ വിശദീകരണം. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അഡ്വക്കേറ്റ് ജനറലിന്‍റെ (എജി) നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ശുപാർശ താൻ അംഗീകരിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളളവര്‍ നേരിട്ട് തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കിയാണ് സർക്കാർ തീരുമാനത്തിന് അംഗീകാരം നേടിയത്. മുഖ്യമന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് ധാർമികമായ ചോദ്യമാണ് കോടതി വിധി ഉയർത്തുന്നത്. ഇക്കാര്യം അവർ തീരുമാനിക്കട്ടെ. താൻ ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം; വിസി നിയമനം നടത്തുക എന്ന ഉത്തരവാദിത്തം ഗവർണറിൽ നിക്ഷിപ്തമാണെന്ന പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്തെത്തി. ഗവർണർ നിയമനം നടത്തേണ്ടത് തൻ്റെ വിവേചന അധികാരം ഉപയോഗിച്ചാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയതെന്നും മന്ത്രി അറിയിച്ചു. കോടതി വിധിയുടെ വിശദാംശം ലഭിച്ചിട്ടില്ല. വിധി പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരണം രേഖപ്പെടുത്താമെന്നും ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം; ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാ വിസിയായി പുനര്‍നിയമിച്ചത് സുപ്രീംകോടതി ഇന്ന് റദ്ദാക്കി. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് വിസി പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പറഞ്ഞത്. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ സമ്മർദത്തിന് വഴങ്ങിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ കോടതി നടത്തിയത്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ വിസി നിയമന പ്രക്രിയയെ ദുഷിപ്പിച്ചു. ചാൻസിലര്‍ അധികാരം അടിയറവച്ചു. വിസിയുടെ പുനർ നിയമനം ചാൻസിലറിൻ്റെ അധികാരമാണെന്നും അതിൽ സർക്കാർ ഇടപെടൽ വന്നുവെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിർ സമർപ്പിച്ച ഹർജിയിലാണ് വിധി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here