കണ്ണൂര്‍ വിസിക്കും സര്‍ക്കാറിനും നാളെ നിര്‍ണ്ണായക വിധി; പുനര്‍നിയമനത്തിന്റെ ഭാവിയെന്താകും

ഡല്‍ഹി : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ: പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വരുന്നത്. സര്‍ക്കാറിനും കണ്ണൂര്‍ വിസിക്കും ഏറെ നിര്‍ണ്ണായകമാണ് നാളത്തെ വിധി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജ്ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 17 ന് ഹര്‍ജ്ജിയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു.

ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജ്ജിയുമായി ബന്ധപ്പെട്ടാണ്. 2021 നവംബര്‍ 24ന് വിസിയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്. നിയമനകാലാവധി അവസാനിക്കുന്ന ഒരൂ വിസി ക്ക് പുനര്‍നിയമനം നല്‍കിയത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. പുനര്‍നിയമനം നല്‍കിയ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരായി സത്യവാങ്മൂലം സുപ്രീംകോടതിയില്‍ കൊടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സര്‍ നിയമനത്തില്‍ ഒന്നാം റാങ്ക് നല്‍കിയതിന് പാരിതോഷികമായാണ് വിസിയുടെ പുനര്‍നിയമനമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top