വനിത ഉദ്യോഗസ്ഥര്‍ക്ക് കോസ്റ്റ് ഗാർഡിൽ സ്ഥിരം കമ്മിഷൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി; കേന്ദ്രം ചെയ്തില്ലെങ്കിൽ കോടതി ചെയ്യുമെന്ന് അന്ത്യശാസനം
ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. കേന്ദ്രം ചെയ്തില്ലെങ്കിൽ കോടതി സ്വയം അത് ചെയ്യുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത മാസം ഒന്നാം തീയതി കേസ് വീണ്ടും പരിഗണിക്കും.
കോസ്റ്റ് ഗാർഡിലെ ഉദ്യോഗസ്ഥയായിരുന്ന പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പതിനാലു വർഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഡിസംബർ 30നാണ് പ്രിയങ്ക സർവീസിൽ നിന്ന് വിരമിച്ചത്. സ്ഥിരം കമ്മിഷൻ നടപ്പിലാക്കണമെന്നും സേവനം തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കരസേനയും, നാവികസേനയും സ്ത്രീകളുടെ സ്ഥിരം കമ്മിഷൻ നടപ്പാക്കിയ സാഹചര്യത്തിൽ കോസ്റ്റ്ഗാർഡിൽ മാത്രം എന്താണ് ബുദ്ധിമുട്ടെന്ന് ഫെബ്രുവരി 19ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. നാരീശക്തിയെക്കുറിച്ച് സംസാരിക്കുന്ന രാജ്യത്ത് കോസ്റ്റ് ഗാർഡ് മേഖലയിൽ സ്ത്രീകളെ എതിർക്കുന്നത് പുരുഷാധിപത്യമാണെന്ന് കോടതി പറഞ്ഞു. പുരുഷ ഓഫീസർമാർക്ക് നൽകുന്ന അതേ പ്രാധാന്യം സ്ത്രീകൾക്കും നൽകണമെന്നും ഇത് മൗലികാവകാശമാണെന്നും പ്രിയങ്ക ഹർജിയിൽ പറഞ്ഞിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here