പ്രിയ വര്‍ഗീസിന്റെ നിയമനം; അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ഡോ. ജോസഫ് സ്‌കറിയയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്. ഹര്‍ജിയില്‍ പ്രിയവര്‍ഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു.

ബന്ധുനിയമനം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണ് മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയാ വര്‍ഗീസിന്റെ നിയമനം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവർക്ക് കാരണം കാണിക്കല്‍ നോട്ടിസ് നൽകാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.

നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഗവര്‍ണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടെ പ്രിയയ്ക്കു നിയമനം നല്‍കാനാണു സര്‍വകലാശാല തീരുമാനിച്ചത്.

2018-ലെ റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലാത്ത ഉദ്യോഗാര്‍ഥികളും പ്രിയ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ പോരാട്ടം നടത്തിയേക്കും എന്ന ആശങ്ക യു.ജി.സി.ക്കുണ്ട്. ഈ സാഹചര്യത്തത്തിലാണ് കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ യു.ജി.സി. ഒരുങ്ങുന്നത്. ഹൈക്കോടതി വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്ഡിപി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷത്തെ പിഎച്ച്ഡി. ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യുജിസിയുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top