ആയത്തുള്ള ഖമേനി സുരക്ഷിത താവളത്തിലേക്ക് മാറി; ഇറാനില്‍ കനത്ത സുരക്ഷ

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇറാനിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ലബനനില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഖമേനി സുരക്ഷിത താവളത്തിലേക്ക് മാറി എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

“ചെറുത്തുനില്‍പ്പാണ് പ്രദേശത്തിന്റെ വിധി നിര്‍ണയിക്കുക. പോരാട്ടത്തില്‍ ഹിസ്‌ബുള്ള മുന്‍നിരയിലുണ്ടാകും. ലബനന്‍ ആക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ ഖേദിക്കും” – ഖമേനി പ്രസ്താവനയില്‍ പറഞ്ഞു.

Also Read: ‘ലോകത്തെ ഭീതിയിലാഴ്ത്താൻ ഇനി ഹസൻ നസ്‌റല്ലക്ക് കഴിയില്ല’; മരണം സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യത്തിന്‍റെ പ്രസ്താവന

മുപ്പത് വർഷത്തിലേറെയായി നസ്‌റല്ലയാണ് ഹിസ്ബുള്ളയെ നയിക്കുന്നത്. ‘ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല’ എന്നാണ് ഇസ്രയേൽ സൈന്യം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞത്.

ലബനൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ലബനീസ് തലസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. മേഖല പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയേക്കും.

ഇന്നലത്തെ ആക്രമണത്തെ തുടര്‍ന്ന് ഹിസ്ബുള്ള ഇസ്രയേലിലേക്ക് ഡസൻ കണക്കിന് മിസൈലുകള്‍ അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹിസ്ബുള്ളയ്ക്ക് എതിരെ ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി. ലബനനുമായി ഏറ്റുമുട്ടല്‍ രൂക്ഷമായതിനാൽ അതിര്‍ത്തിയില്‍ കൂടുതൽ സൈനികരെ അണിനിരത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്ക് മടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top