‘പതഞ്‌ജലിയുടെ മാപ്പപേക്ഷ പേപ്പറിൽ മാത്രം, ബാബ രാംദേവും ആചാര്യ ബാൽകൃഷ്ണയും നേരിട്ട് ഹാജരാകാതിരിക്കാൻ തെറ്റായ വിമാന ടിക്കറ്റ് സമർപ്പിച്ചു’; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉൽപ്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പതഞ്‌ജലി സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. തെറ്റ് ചെയ്തവർ അതിനുള്ള ഫലം അനുഭവിക്കണമെന്നും ഉദാരത കാണിക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഹിമ കോലി അഹ്‌സനുദ്ദീൻ അമാനുള്ളഎന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പതഞ്‌ജലി സഹസ്ഥാപകൻ ബാബ രാംദേവും എം.ഡി ആചാര്യ ബാല്‍ കൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഹാജരാകാതിരിക്കാൻ തെറ്റായ ഫ്ലൈറ്റ് ടിക്കറ്റ് ഹാജരാക്കി എന്നും കോടതി പറഞ്ഞു. വിദേശയാത്ര ഉള്ളതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിൽ മാർച്ച് 30ആണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിമാന ടിക്കറ്റിന്റെ വിവരങ്ങൾ നൽകിയത് മാർച്ച് 31നാണ്. ഇത് വിചിത്രമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നേരത്തെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നൽകിയപ്പോഴും ബാബ രാംദേവും ആചാര്യ ബാൽ കൃഷ്‌ണയും മാപ്പപേക്ഷ നൽകിയിരുന്നു. അതും കോടതി നിരസിച്ചിരുന്നു.

അതേസമയം പതഞ്ജലിയെ തള്ളി കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. അലോപതിക്കെതിരായി പതഞ്‌ജലി നല്‍കിയ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കരുതെന്ന് മുന്‍പേ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നത്. കോടതിയുടെ കടുത്ത വിമർശനത്തെ തുടർന്നാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ ലൈസൻസിങ് അധികൃതരെയും കടുത്തഭാഷയിൽ കോടതി വിമർശിച്ചു.

പരസ്യങ്ങളിലൂടെ തെറ്റിധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാത്ത പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ പതഞ്ജലി പരസ്യവുമായി മുന്നോട്ടു പോയതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോയത്. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top