മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ‘ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യം’
ഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. ഒരു സംവിധാനത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് കോടതി പറഞ്ഞു. പകരം സാങ്കേതിക കാര്യങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവച്ചു.
ഇവിഎമ്മിന്റെ മൈക്രോകണ്‍ട്രോളര്‍ ബേണ്‍ ചെയ്ത മെമ്മറി, സീരിയല്‍ നമ്പര്‍ എന്നിവ തിരഞ്ഞെടുപ്പില്‍ രണ്ട്, മൂന്ന് സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന അനുസരിച്ച് വിദഗ്ദരുടെ സംഘത്തിന് പരിശോധിക്കാം. എന്നാല്‍ ഫലം വന്ന് ഏഴ് ദിവസത്തിനകം ഇതിനായി അപേക്ഷ നല്‍കണം. പരിശോധന സംബന്ധിച്ച ചിലവിലേക്ക് നിശ്ചിത തുക കെട്ടിവയ്ക്കണം. ആരോപണം തെളിഞ്ഞാല്‍ ഈ തുക മടക്കിനല്‍കുമെന്ന് കോടതി ഉത്തരവിട്ടു.
വിവിപാറ്റില്‍ ചിഹ്നം ലോഡ് ചെയ്തശേഷം യൂണിറ്റുകള്‍ സീല്‍ ചെയ്യാം. എസ്എൽയു അടങ്ങിയ സീൽ ചെയ്ത കണ്ടെയ്‌നറുകൾ ഫലപ്രഖ്യാപനത്തിന് ശേഷം കുറഞ്ഞത് 45 ദിവസത്തേക്കെങ്കിലും ഇവിഎമ്മുകൾക്കൊപ്പം സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കണമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് ഹര്‍ജി നല്കിയത്. സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യക്തമാക്കിയിരുന്നു. മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമായിരുന്നു കമ്മിഷന്‍റെ നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here