‘മുമ്പൊരിക്കലും പൃഥ്വിയെ ഇങ്ങനെ കണ്ടിട്ടില്ല’; ആടുജീവിത്തതിനായി പൃഥ്വിരാജ് നേരിട്ട കഷ്ടപ്പാടുകൾ ഓർത്ത് സുപ്രിയ; ‘സമാനതകളില്ലാത്ത സമർപ്പണം’

നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ സിനിമയും കഥാപാത്രവുമാണ് ആടുജീവിതവും നജീബും. ചിത്രത്തിനായി പൃഥ്വിരാജ് നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് താരത്തിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ഇന്ന് അവസാനിക്കുന്ന 16 വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എന്തു പേരിട്ട് വിളിക്കും? 2006 നവംബര്‍ മുതല്‍ എനിക്ക് പൃഥ്വിയെ പരിചയമുണ്ട്. 2011ല്‍ ഞങ്ങള്‍ വിവാഹിതരായി. നിരവധി സിനിമകളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊന്ന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കഠിനമായ ഉപവാസദിനങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകുന്നത് ഞാന്‍ കണ്ടു. എത്രയോ നേരം വിശന്നിരുന്നു, ശരീരത്തിന്റെ ഭാരം കുറഞ്ഞുവന്നു, ക്ഷീണവും തളര്‍ച്ചയും അനുഭവിച്ചു. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒന്നിച്ചിരുന്നപ്പോള്‍ നമ്മള്‍ രണ്ടുദിക്കിലായിരുന്നു. മരുഭൂമിയിലെ ക്യാമ്പില്‍ വിലപ്പെട്ട നിമിഷങ്ങളില്‍ ഇന്റര്‍നെറ്റ് കോളിലൂടെ നമ്മള്‍ സംസാരിച്ചു. ഈ ഒരു സിനിമയ്ക്കു വേണ്ടി മറ്റ് ഭാഷകളില്‍ നിന്നു വന്ന എത്രയോ അവസരങ്ങള്‍ നിങ്ങള്‍ വേണ്ടെന്നുവച്ചു. ഈ ചിത്രത്തില്‍ മാത്രം ശ്രദ്ധിച്ചു. കഷ്ടപ്പാടുകള്‍ക്കിടയിലും കലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മനസും ശരീരവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിത യാത്ര ആത്മാവില്‍ ഉള്‍ക്കൊണ്ട് സ്‌ക്രീനില്‍ എത്തിക്കാന്‍, ബ്ലെസി എന്ന മനുഷ്യനൊപ്പവും അദ്ദേഹത്തിന്റെ ടീമിനൊപ്പവും നിങ്ങള്‍ നിലകൊണ്ടു. മാര്‍ച്ച് 28ന് നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലം കാണുമ്പോള്‍ എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ സിനിമക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് കൂടെ നില്‍ക്കുന്ന എല്ലാവരുടെുയം പേരിലും ഞാന്‍ സ്‌നേഹവും ആശംസയും നേരുന്നു. നിങ്ങള്‍ എപ്പോഴും എന്റെ കണ്ണില്‍ G.O.A.T(Greatest of All Time) ആണ്,’ സുപ്രിയ കുറിച്ചു.

മലയാളത്തിലെ ബെസ്റ്റ് സെല്ലറായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും ഛായാഗ്രഹണം സുനില്‍ കെ.എസുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top