അമ്മായിയപ്പനായാലും മരുമകനായാലും ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കും; മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും; റിയാസിന് മറുപടിയുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി വാങ്ങി അനധികൃതമായി ഏതെങ്കിലും കമ്പനികള്‍ക്ക് സേവനം ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അതാണ് അഴിമതിക്കാരോട് പറയാനുള്ളത്. അമ്മായിയപ്പനായാലും മരുമകനായാലും വെള്ളം കുടിക്കും. അഴിമതി നടത്തിയവര്‍ മാത്രം ഭയപ്പെട്ടാല്‍ മതി. അഴിമതി നടത്താത്തവർ മൂക്ക് തെറിക്കുമെന്ന് ഭയക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലേതെന്നും ഏത് ഏജന്‍സി വന്നാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ലെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി.

അഴിമതി കേസുകളില്‍ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്. അഴിമതിക്കാര്‍ അകത്താകുമെന്ന ബോധ്യം വന്നതിനാലാണ് ഈ ഒത്തു ചേരല്‍. വലിയ അഴിമതിയും സഹകരണ ബാങ്ക് കൊളളയുമാണ് ഇരുമുന്നണികളും കേരളത്തില്‍ നടത്തുന്നത്. പിണറായി വിജയനും മകളും മാത്രമല്ല കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയിട്ടുണ്ട്. ഇതിലെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കൊടകരയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടില്ല. അവിടെ ഉണ്ടായത് ഒരു കവര്‍ച്ചാക്കേസാണ്. അതിലെ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. ആര് വിചാരിച്ചാലും തനിക്കെതിരെ ഇതില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top