സുരേഷ് ഗോപിയുടെ ക്ഷോഭത്തിന് പിന്നിലെന്ത്; മാധ്യമങ്ങൾ ശത്രുപക്ഷത്തായത് എങ്ങനെയെന്ന് നോക്കാം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്താണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പെരുമാറിയത്. “ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്നത് പോലെയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” ഇങ്ങനെയെല്ലാം രൂക്ഷമായി പ്രതികരിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങളെ തട്ടിമാറ്റിയാണ് കാറില്‍ കയറിയത്. ഈ പെരുമാറ്റം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ജനവികാരം തിരിച്ചറിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉടനടി സുരേഷ് ഗോപിയുടെ അഭിപ്രായം തള്ളി രംഗത്തുവരികയും ചെയ്തു. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

യാഥാർത്ഥത്തിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടല്ല ക്ഷോഭത്തിന് പിന്നില്‍. മാധ്യമങ്ങളെ ശത്രുപക്ഷത്താക്കാൻ രണ്ട് കാരണങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഏറ്റവും പുതിയ കാരണം, ഫിലിം ചേംബർ യോഗത്തിലെ അദ്ദേഹത്തിൻ്റെ പ്രസംഗം പുറത്തുവന്നതാണ്. സിനിമയിൽ അഭിനയിക്കാൻ അനുമതി ചോദിച്ചപ്പോൾ എത്രയെണ്ണമെന്ന് അമിത് ഷാ ചോദിച്ചു. 22 എന്ന് കേട്ടതും ആ പേപ്പറെടുത്ത് ദൂരെയെറിഞ്ഞുവെന്ന് സുരേഷ് ഗോപി തന്നെ പ്രസംഗത്തിൽ പറഞ്ഞു. അഭിനയത്തിൻ്റെ പേരിൽ ഇനി ഒഴിവാക്കിയാൽ ഞാനിങ് പോരും, സുഖമായി അഭിനയിക്കും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗിക സ്വഭാവമുള്ള ആശയവിനിമയത്തെക്കുറിച്ച് ഈ മട്ടിൽ പൊതുയോഗത്തിൽ വിളിച്ചുപറഞ്ഞത് കേന്ദ്രനേതൃത്വത്തിൻ്റെ ശ്രദ്ധയിൽപെട്ടു. കൂടാതെ മന്ത്രിസ്ഥാനം പോലെ സുപ്രധാന ചുമതല ഏൽപിച്ച് കൊടുത്തതിൻ്റെ ഗൌരവം ഒട്ടുമില്ലാതെ ഒഴിവാക്കിയാൽ ഞാനിങ്ങ് പോരമെന്ന നിലപാട് പാർട്ടി അച്ചടക്കത്തിന് നിരക്കുന്നതല്ല എന്ന വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. പാർട്ടി ഏൽപിക്കുന്ന ചുമതലകളെ വെറും പുല്ലാണെന്ന മട്ടിൽ നാട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചത് നേതൃത്വത്തിന് ഒട്ടും ദഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാകണം, ഒറ്റക്കൊമ്പൻ എന്ന സിനിമ വരുന്ന ആറിന് ഷൂട്ടിങ് നിശ്ചയിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ അനുമതി നൽകിയിട്ടില്ല.

ഇതെല്ലാം മാധ്യമങ്ങളുടെ കുഴപ്പാണ് എന്നാണ് അദ്ദേഹത്തിൻ്റെയും അടുപ്പക്കാരുടെയും കണക്കുകൂട്ടൽ. ഉള്ളിലുള്ളത് എത്ര ഒളിപ്പിച്ചാലും പുറത്തുവരുന്ന സുരേഷ് ഗോപിയുടെ സ്വഭാവം ഇവിടെയും പ്രതിഫലിച്ചു എന്നാണ് വിലയിരുത്തൽ. തിരുത്താൻ നോക്കിയിട്ട് കാര്യമില്ലെന്ന് വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം തിടുക്കത്തിൽ ഇടപെട്ടത്. മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയുടെ മറ്റൊരു കാരണം മുൻപെയുള്ളതാണ്. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ കേസിൽ പ്രതിയായത് തന്നെ.

മന്ത്രിസ്ഥാനത്തുള്ള സുരേഷ് ഗോപിയുടെ സമ്മർദം മറ്റൊരു ഘടകമാണ്. ടൂറിസം,പെട്രോളിയം പ്രകൃതി വാതകം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് കയ്യാളുന്നത്. 24 മണിക്കൂറും കാര്യക്ഷമതയോടെ ജോലി ചെയ്യേണ്ട വകുപ്പുകളാണ് ഇത്. ഈ വകുപ്പുകളില്‍ ഇതേവരെ ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മോദിയാകട്ടെ, പെർഫോമൻസിൻ്റെ കാര്യത്തിൽ കര്‍ക്കശക്കാരനാണ്. പലപ്പോഴും അതിരാവിലെയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് മോദി തേടുന്നത്. സുരേഷ് ഗോപിക്ക് വകുപ്പുകളില്‍ അത്രയേറെ സമയം ചിലവഴിക്കാന്‍ കഴിയുന്നില്ല. ഇത് അദ്ദേഹത്തിനെ അലട്ടുന്നുണ്ട്.

ഒരു സഹമന്ത്രി 22 സിനിമകളില്‍ അഭിനയിക്കാന്‍ പോയാൽ പിന്നെ എപ്പോഴാണ് ഭരണം നടത്തുകയെന്ന ചോദ്യം ബിജെപി കേന്ദ്ര നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാരിനും മുന്നിലുണ്ട്. തൃശൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന അംഗീകാരമാണ് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം എന്നാണ് മോദിയും ഷായും നിലപാട് എടുത്തിട്ടുളളത്. അല്ലാതെ സുരേഷ് ഗോപിക്കുള്ള വ്യക്തിപരമായ സമ്മാനമല്ല. അത് ഉപയോഗിച്ച് പാർട്ടിക്ക് ഇവിടെ കാലുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താതെ അത് ഇട്ടെറിഞ്ഞുപോകും എന്ന തരത്തിലുള്ള നിലപാടിനെ ആരും അംഗീകരിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top