മുൻകൂര്‍ജാമ്യം തേടി സുരേഷ്ഗോപി; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നിലപാട് അറിയിക്കാൻ പോലീസിനോട് കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ. ജാമ്യാപേക്ഷയിൽ നടക്കാവ് പോലീസിനോട് ഹൈക്കോടതി നിലപാട് തേടി. അഡ്വക്കേറ്റ് ശിവശങ്കർ മുഖേനയാണ് സുരേഷ്‌ഗോപി അപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് പ്രതീപ് കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ്‌ഗോപി കൈവച്ചത്. മാധ്യമപ്രവർത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും കൈവക്കുകയായിരുന്നു. പോലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു. സുരേഷ് ഗോപി മാപ്പ് പറഞ്ഞെങ്കിലും കേസുമായി പരാതിക്കാരി മുന്നോട്ട് പോകുകയായിരുന്നു.

ഐപിസി 354 A വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരുന്നത്. കേസിൽ നേരത്തെ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ ഐപിസി 354-ാ൦ വകുപ്പ് കൂടി ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനെത്തുടർന്നാണ് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top