സുരേഷ് ഗോപി ബിജെപി അണികള്‍ക്ക് നല്‍കുന്നത് നിരാശ; കൊടിവച്ച കാറിലെ കറക്കം മാത്രം ബാക്കി; നിസഹായരായി സംസ്ഥാന നേതൃത്വം

താമര ചിഹ്നത്തില്‍ വിജയിച്ച് സുരേഷ് ഗോപി എംപിയും പിന്നാലെ കേന്ദ്രമന്ത്രിയായും ആയപ്പോള്‍ ബിജെപി കേരളത്തില്‍ പുത്തന്‍ ഉണര്‍വുണ്ടാകും എന്നാണ് രാഷ്ട്രീയ കേരളം കരുതിയത്. എന്നാല്‍ കേന്ദ്രമന്ത്രിയായി അഞ്ച് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആ പ്രതീക്ഷ തകിടം മറിയുന്ന സ്ഥിതിയാണ്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്ത് ഇംപാക്ട് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ഈ കാലയളവില്‍ സുരേഷ് ഗോപിയില്‍ നിന്നുണ്ടായില്ല. വയനാട് ദുരന്ത സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിഴലുപോലെ സുരേഷ് ഗോപിയെ ഒപ്പം കൂട്ടിയെങ്കിലും ആ വകയില്‍ ഇതുവരെ ഒരു കേന്ദ്രസഹായവും ലഭ്യമാകാത്തതും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. ഒരു വിശദീകരണം പോലും നല്‍കാന്‍ സുരേഷ് ഗോപിക്കായിട്ടില്ല. പകരം ഇക്കാര്യം ചോദിക്കുന്ന മാധ്യമങ്ങളോട് തട്ടിക്കയറിയും സിനിമാ സ്‌റ്റൈല്‍ ഡയലോഗ് പറഞ്ഞും നായകപരിവേഷത്തില്‍ കൊടിവച്ച കാറില്‍ നടക്കുകയാണ് സുരേഷ് ഗോപി.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയാണ് പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിച്ചതെന്ന് അപേക്ഷ നല്‍കിയ പ്രശാന്തും സിപിഎം നേതാവ് പിപി ദവ്യയും പറയുന്ന സാഹചര്യമുണ്ടായി. എന്നിട്ടും പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടില്ല. ഇതുകൂടാതെ പൂരത്തിന്റെ വെടിക്കെട്ട് തന്നെ നടത്താനാകാത്ത സ്ഥിതിയുണ്ടാക്കുന്ന ഉത്തരവ് സുരേഷ് ഗോപിയുടെ വകുപ്പ് തന്നെ ഇറക്കിയിട്ടും ഇടപെടും അല്ലെങ്കില്‍ പരിശോധിക്കും എന്നൊരു കാര്യം പോലും തൃശൂര്‍ എംപി പറഞ്ഞിട്ടില്ല. എയിംസ് എന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെടാതെ കിടക്കുകയാണ്.

ഇതിനെല്ലാം പുറമേയാണ് ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം. ആദ്യം മുതലേ സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയുമായി അകല്‍ച്ചയിലായിരുന്നു. അത് നേരിട്ട് കേന്ദ്ര നേതൃത്വവുമായി മാത്രം ബന്ധം പുലര്‍ത്തി കേരളത്തിലെ നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തുന്നതിലായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രമന്ത്രിയായതോടെ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ഒന്നും കണക്കിലെടുക്കാത്ത നിലയിലേക്ക് സുരേഷ് ഗോപി മാറി. തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചെന്നും ഒരു സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് സുരേഷ് ഗോപി സേവാഭാരതി ആംബുലന്‍സില്‍ സ്ഥലത്ത് എത്തിയതെന്നും പറഞ്ഞത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പാടെ തള്ളിയാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്.

താന്‍ സുരേന്ദ്രന്‍ വിശ്വസിക്കുന്നതു പോലെ ആംബുലന്‍സിലല്ല പൂര നഗരിയിലേക്ക് എത്തിയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു. ഒപ്പം തന്തയ്ക്ക് പിറന്നവരുണ്ടെങ്കില്‍ പൂരം അലങ്കോലമായതില്‍ സിബിഐ അന്വേഷണത്തിന് വിടണമെന്ന് സിനിമാ സ്‌റ്റൈലില്‍ ഒരു വെല്ലുവിളിയും നടത്തി. എന്നാല്‍ പഴയ ദൃശ്യങ്ങളടക്കം വീണ്ടും പ്രചരിച്ചതോടെ ഈ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ‘മൂവ് എവേ’ പറഞ്ഞ് പോവുകയും ചെയ്തു.

എന്നാല്‍ ഇന്ന് പറഞ്ഞതെല്ലാം സുരേഷ് ഗോപി തിരുത്തി. ഒപ്പം ഗുണ്ടകള്‍ ആക്രമിച്ചെന്ന ഒരു കഥയും പുറത്തെടുത്തു. കാറില്‍ വരുന്നതിനിടെ ആക്രമണം നേരിട്ടു. രാഷ്ട്രീയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരാണ് തന്നെ രക്ഷിച്ചത്. കാല്‍ വയ്യാത്ത സാഹചര്യത്തില്‍ അവര്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയതെന്ന് തീര്‍ത്തും പുതിയൊരു ഭാഷ്യം ചമയ്ക്കുകയും ചെയ്തിരിക്കുകയാണ് ഇന്ന് സുരേഷ് ഗോപി. ഒപ്പം സിബിഐ അന്വേഷണം എന്ന വെല്ലുവിളി ആവര്‍ത്തിക്കുകയും ചെയ്തു. തന്റെ വിജയത്തിന് കാരണം തൃശൂര്‍ പൂരം അലങ്കോലമായതല്ലെന്നും കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പാണെന്ന് കൂട്ടിച്ചേര്‍ത്ത് പറയുകയും ചെയ്തിരിക്കുകയാണ്.

ആദ്യമായി ഒരു തിരഞ്ഞെടുപ്പ് മത്സരിച്ച് ജയിച്ച ജനപ്രതിനിധിയെ ഏറെ പ്രതീക്ഷയോടെ കണ്ട കേന്ദ്രഭരണ പാർട്ടിയുടെ അണികൾക്ക് ഓരോ ദിനവും നിരാശ മാത്രം സമ്മാനിക്കുന്ന പ്രകടനമാണ് സുരേഷ് ഗോപി പുറത്തെടുക്കുന്നത്. നിവേദനം നല്‍കാനെത്തിയ ഒരു ബിജെപി പ്രവര്‍ത്തകനോട്, ഞാൻ നിങ്ങളുടെ എംപിയല്ല, എന്ന് പറഞ്ഞ് ആട്ടിയോടിച്ചതായും പരാതി ഉണ്ടായി. മുന്നേറ്റത്തിന് ഊര്‍ജമാകുമെന്ന് പറഞ്ഞയാള്‍ തന്നെ ബാധ്യതയാകുന്ന സ്ഥിതിയിലേക്കാണ് ഓരോ ദിവസവും കാര്യങ്ങള്‍ പോകുന്നത്. കണ്ടുനിൽക്കാനല്ലാതെ തൽക്കാലം എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുണ ഉള്ളതിനാൽ സുരേഷ് ഗോപിക്കെതിരെ പരാതിപ്പെടാൻ പോലും ഇന്നത്തെ നിലയിൽ എളുപ്പമല്ല. ഏതുവരെ കാര്യങ്ങൾ വഷളാകുമെന്ന് നോക്കാമെന്ന മാനസികാവസ്ഥയിലാണ് കേരളത്തിലെ പരമ്പരാഗത ബിജെപിക്കാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top