സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്കില്ലെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍; മറ്റൊരു പരിപാടിയുണ്ടെന്ന് രാമകൃഷ്ണന്‍; സത്യഭാമക്ക് എതിരെയുള്ള പ്രതിഷേധം തുടരും

പാലക്കാട്: മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് നർത്തകന്‍ ആർഎൽവി രാമകൃഷ്ണൻ. മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജില്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണൻ പറഞ്ഞു.
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർഎൽവി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. കറുത്ത നിറത്തിന്റെ പേരില്‍ നര്‍ത്തകി സത്യഭാമ രാമകൃഷ്ണനെ അവഹേളിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. പ്രതിഫലം നൽകിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തിൽ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. വേദി നൽകാമെന്ന്‍ പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി പറഞ്ഞിരുന്നു.
കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്ന് സത്യഭാമ പറഞ്ഞത് വിവാദത്തിലാണ്. സത്യഭാമയുടെ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി രാമകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. നിയമപരമായി മുന്നോട്ടുപോകുമെന്നാണ് രാമകൃഷ്ണൻ പറഞ്ഞത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here