സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് കിട്ടിയേക്കും; സ്വതന്ത്ര ചുമതലയില്ലാത്തതിൽ അതൃപ്തി; സിനിമകൾ പൂർത്തിയാക്കാൻ സാവകാശം തേടി വീണ്ടും

സുരേഷ് ഗോപി മന്ത്രിസ്ഥാനത്ത് തുടരുമോ അതോ രാജിവെച്ച് സിനിമ അഭിനയവുമായി മുന്നോട്ട് പോകുമോ എന്ന ചർച്ച ഡെൽഹിയിലും കേരളത്തിലും സജീവമാണ്. അർഹമായ പരിഗണന ലഭിക്കാത്തതിൽ കേന്ദ്ര നേതൃത്വത്തെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്. ബിജെപി രൂപീകരിച്ച് 44 വർഷത്തിനിടയിൽ ആദ്യമായാണ് ഒരാൾ താമര ചിഹ്നത്തിൽ വിജയിച്ച് ലോക്സഭയിലെത്തിയത്. അതുകൊണ്ട് തന്നെ ക്യാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയോ പ്രതീക്ഷിച്ചു. കേരളത്തിൽ ഒരുപാട് അപമാനം ഏറ്റുവന്ന തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയാൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വികാരവും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ളവർ ഇത് അനുഭാവപൂർവം പരിഗണിക്കുന്നതായും അദ്ദേഹവുമായി ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപിയുടെ അടുപ്പക്കാർ പറയുന്നു. അതേസമയം മന്ത്രിസ്ഥാനത്ത് സുരേഷ് ഗോപിക്ക് പരിചയമില്ലാത്തതാണ് പ്രശ്നമെന്നാണ് സൂചന.
മീനാക്ഷി ലേഖിയും അർജുൻ റാം മേഖ്വാളും കൈകാര്യം ചെയ്തിരുന്ന സാംസ്കാരിക വകുപ്പിലെ ചുമതലകളാണ് കിട്ടുകയെന്നാണ് സൂചന. വകുപ്പിൻ്റെ കാര്യത്തിൽ പ്രത്യേകിച്ച് താൽപര്യങ്ങളൊന്നും സുരേഷ് ഗോപി അറിയിച്ചിട്ടില്ല. കഴിഞ്ഞ തവണ സാംസ്കാരിക വകുപ്പിൻ്റെ ചുമതല വഹിച്ച ജി.കിഷൻ റെഡ്ഡി ഇത്തവണയും ജയിച്ച് കേന്ദ്ര മന്ത്രിസഭയിൽ എത്തിയിട്ടുണ്ട്. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് വീണ്ടും പഴയ വകുപ്പ് തന്നെ നൽകിയാൽ റെഡ്ഡിയുടെ കീഴിലാകും സുരേഷ് ഗോപി പ്രവർത്തിക്കേണ്ടി വരിക. തെലങ്കാന ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്നു കിഷൻ റെഡ്ഡി.
അതേസമയം സിനിമയിൽ അഭിനയിക്കാനുണ്ടെന്ന കാരണം പറഞ്ഞ് മാറിനിൽക്കാനുള്ള സുരേഷ് ഗോപിയുടെ ശ്രമം പാർട്ടി അംഗീകരിച്ചേക്കില്ല എന്നാണ് സൂചന. തൃശൂരിലെ മത്സരവും അത് ജയിച്ചാലുണ്ടാകാവുന്ന മന്ത്രിസ്ഥാനവുമെല്ലാം മുന്നിലുള്ളപ്പോഴാണ് പുതിയ സിനിമകൾക്ക് കരാറുറപ്പിച്ചത്. അതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറാനുള്ള ന്യായമായി ഇത് പരിഗണിച്ചേക്കില്ല. അതേസമയം സിനിമകൾ പൂർത്തിയാക്കേണ്ട സാഹചര്യവും പരിഗണിച്ചാണ് സഹമന്ത്രിസ്ഥാനം നൽകിയത് എന്നാണ് സൂചനകൾ. ക്യാബിനറ്റ് റാങ്കോടെ മന്ത്രിസ്ഥാനം ഏറ്റശേഷം അവധിയെടുത്ത് അഭിനയിക്കാൻ പോകാൻ പറ്റില്ല. സിനിമകൾ പൂർത്തിയാക്കി വരുമ്പോഴേക്ക് സ്ഥാനക്കയറ്റം പരിഗണിച്ചേക്കും. കഴിഞ്ഞ എൻഡിഎ മന്ത്രിസഭയിൽ സാംസ്കാരിക വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന കിഷൻ റെഡ്ഡി ആഭ്യന്തരവകുപ്പിൽ സഹമന്ത്രിയായാണ് തുടങ്ങിയത്.
ജോർജ് കുര്യനെ ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിയമിക്കാനാണ് സാധ്യത. ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായിരുന്ന അദ്ദേഹത്തിന് രാജ്യത്തെങ്ങുമുള്ള ക്രൈസ്തവ സഭാ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മണിപ്പൂർ കലാപങ്ങളോടെ ബിജെപിയോട് അകന്ന ക്രൈസ്തവ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാൻ കുര്യൻ്റെ മന്ത്രിസ്ഥാനം കൊണ്ട് കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ഒപ്പംനിന്ന ക്രൈസ്തവ വിഭാഗങ്ങൾക്കുള്ള നന്ദികൂടിയായി ജോർജ് കുര്യൻ്റെ സ്ഥാനലബ്ധിയെ അവതരിപ്പിക്കാൻ ബിജെപി ശ്രമിച്ചേക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here