കരുവന്നൂര്‍ മറന്ന് സുരേഷ് ഗോപി; പദയാത്ര നടത്തി പറഞ്ഞതൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല; ആയുധമാക്കാന്‍ കോണ്‍ഗ്രസ്; മിണ്ടാതിരുന്ന് സിപിഎം

തൃശൂര്‍: ഷാജി കൈലാസ് ചിത്രമായ കമ്മീഷണറിലെ ഹീറോ ഭരത്ചന്ദ്രന്റെ ഭാവാദികളോടെയാണ് സുരേഷ് ഗോപി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പ് പ്രതികരിച്ചിരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം.

കരുവന്നൂര്‍ ഉന്നയിച്ച് പദയാത്രയുമായാണ് സുരേഷ് ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരില്‍ ഇടിച്ചിറങ്ങിയത്. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് 17കിലോമീറ്റര്‍ ദൂരമാണ് സുരേഷ് ഗോപിയും അനുയായികളും നടന്നത്. പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളെയും അണിനിരത്തിയായിരുന്നു പദയാത്ര. നഷ്ടമായ മുഴുവന്‍ പണവും നിക്ഷേപകര്‍ക്ക് ലഭിക്കും വരെ പ്രക്ഷോഭമെന്നും പ്രഖ്യാപിച്ചിരുന്നു.

പക്ഷേ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിച്ചതോടെ കരുവന്നൂര്‍ വിഷയം ബി ജെ പി ഏതാണ്ട് മറന്ന മട്ടാണ്. തൃശൂരില്‍ വട്ടമിട്ട് പറക്കുന്ന സുരേഷ് ഗോപി ഇതുവരെ കരുവന്നൂര്‍ വിഷയം മിണ്ടിയിട്ടില്ല. പണം നഷ്ടമായ നിക്ഷേപകരെ കണ്ടതായും വിവരമില്ല. സുരേഷ് ഗോപിയുടെ മൗനം ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ബി ജെ പിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയ്ക്ക് തെളിവാണ്. സിപിഎം – ബിജെപിയെ സഹായിക്കാമെന്ന ഈ ധാരയിലാണ് വിഷയം മുഖ്യപ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കാത്തതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ കെ. മുരളീധരന്‍ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയതോടെ കോണ്‍ഗ്രസുകാര്‍ കരുവന്നൂര്‍ വിഷയം ആളിക്കത്തിക്കുകയാണ്. കരുവന്നൂര്‍ വിഷയം ഉയര്‍ത്താത്തതില്‍ ബിജെപിക്ക് ഇടയിലും അസ്വാരസ്യമുണ്ട്.

സുരേഷ് ഗോപി കരുവന്നൂര്‍ വിഷയം നിരന്തരം ഉന്നയിക്കുന്നത് വോട്ട് കിട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം വിവിധയിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. നിരന്തരമായി ഇതാവര്‍ത്തിച്ചതോടെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ സുരേഷ് ഗോപിക്ക് വോട്ട് വാങ്ങിക്കൊടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീനടക്കമുള്ള നേതാക്കളെ ഇഡി ആവര്‍ത്തിച്ച് ചോദ്യം ചെയ്യുന്നത് പാര്‍ട്ടിയെ തളര്‍ത്തുമെന്ന തിരിച്ചറിവാണ് ബിജെപിയുമായി അന്തര്‍ധാരയുണ്ടാക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വവും സുരേഷ്‌ഗോപിയുമടക്കം കരുവന്നൂരില്‍ കാണിക്കുന്ന മൗനവും താല്‍പര്യക്കുറവും ഈ ആരോപണം ശരിവയ്ക്കുന്നതാണ്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയടക്കമുള്ളവരെ പല തവണ ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി പറഞ്ഞിരുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടപെടലാണെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചിരുന്നത്. വിഷയത്തില്‍ ബിജെപിയെ വിമര്‍ശിക്കുമ്പോഴും മൊയ്തിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്ന് തിരിച്ചടി ഉണ്ടാവുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top