ബിജെപിക്കല്ല, തനിക്കാണ് വോട്ടെന്ന് സുരേഷ് ഗോപി; കേന്ദ്രമന്ത്രി ആകുമെന്ന പ്രചാരണം തള്ളുന്നില്ല; ‘ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധി ഉണ്ടായാൽ കേരളത്തിന് ഗുണം ചെയ്യും’
തൃശൂർ: യുവാക്കൾ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യുമെന്ന് സുരേഷ് ഗോപി. എല്ലാ ജാതി- മത വിഭാഗത്തിൽ പ്പെട്ട യുവാക്കളുടെ വോട്ടും കിട്ടും. പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. “അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്”; ദി പ്രിൻ്റ് ഓൺലൈന് നല്കിയ അഭിമുഖത്തിൽ സുരേഷ് ഗോപി അവകാശപ്പെട്ടു.
ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണത്തെ സുരേഷ് ഗോപി തള്ളിയില്ല. ഓരോരുത്തരുടെ ആഗ്രഹങ്ങളാണ് അവർ പ്രകടിപ്പിക്കുന്നത്. ആകുമോ ഇല്ലയോ എന്നത് വേറെ കാര്യം. അത്തരമൊരു സാഹചര്യം ഉണ്ടായാൽ തൻ്റെ താൽപര്യം എന്താണെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കും. തൻ്റെ മനസ് മനസിലാക്കുന്നവരാണ് അവർ. പത്തു പേർക്കെങ്കിലും തന്നെ അങ്ങനെ അറിയാം. അതുകൊണ്ട് കൂടുതലൊന്നും അറിയിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറയുന്നു. കേന്ദ്രവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന ശൈലിയോട് സംസ്ഥാനത്തെ നേതൃത്വത്തിനുള്ള നീരസം നിലനിൽക്കെയാണ് ഈ പ്രസ്താവനകൾ.
കേരളത്തിൽ നിന്ന് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധി ഉണ്ടായാൽ ബിജെപിക്ക് കേരളത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമെന്നും അതാണ് തൻ്റെ ദൗത്യമെന്നും സുരേഷ് ഗോപി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അങ്ങനെ ജനാധിപത്യപരമായി തന്നെ ഒരു പ്രതിനിധിയെ കിട്ടിയാൽ കേന്ദ്ര പദ്ധതികളുടെയും മറ്റും ഗുണം കൂടുതലായി കിട്ടും. കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന പാർട്ടിയുടെ വലിയ സ്വപ്നം തനിക്ക് മേൽ ഭാരമായി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.
സാമൂഹ്യ സേവനങ്ങളും രാഷ്ടീയ നിലപാടുകളും തമ്മിൽ കൂട്ടികലർത്തേണ്ട കാര്യമില്ല. പാവപ്പെട്ടവരെയും ബുദ്ധിമുട്ടുന്നവരെയും ചേർത്ത് നിർത്തുന്നതും അവരെ സഹായിക്കുന്നതുമൊക്കെ ഞാൻ എൻ്റെ കുടുംബത്തിൽ നിന്ന് കണ്ടു കാര്യങ്ങളാണ്. എൻ്റെ പിതാവ് ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളായിരുന്നു, അടുത്ത ബന്ധുവും സിനിമാ നിർമ്മാതാവുമായിരുന്ന ജനറൽ പിക്ചേഴ്സ് രവി കൊല്ലത്തെ അറിയപ്പെടുന്ന സന്നദ്ധ സേവകരിൽ ഒരാളായിരുന്നു. എംജിആറും ജയലളിതയുമൊക്കെ ഇക്കാര്യത്തിൽ റോൾ മോഡലുകളാണ്. അതൊക്കെയാണ് സാമൂഹ്യ സേവന രംഗത്ത് തന്നെ സജീവമാക്കി നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എംപിയായാലും മന്ത്രിയാലും താൻ എന്താണോ അതായി തുടരും. സ്ഥാനമാനങ്ങളും പദവികളും തന്നെ ഭ്രമിപ്പിക്കുന്നില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധിയാകാനാണ് ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here