സുരേഷ് ഗോപി വിഷയം അവസാനിച്ചിട്ടില്ല; മാധ്യമ പ്രവർത്തകയോട് തെറ്റ് ചെയ്തത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്തത് തെറ്റായത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്. മാധ്യമ പ്രവർത്തകയ്ക്ക് വലിയ മനോവിഷമം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. സംഭവത്തില്‍ പൊതുസമൂഹം വേണ്ട രീതിയില്‍ പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അദ്ദേഹത്തിന് തന്നെ അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണല്ലോ ക്ഷമചോദിച്ചത്. ക്ഷമകൊണ്ടുമാത്രം പ്രശ്‌നം തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തക തയ്യാറല്ല. അത്രമാത്രം മനോവേദന അവര്‍ക്ക് ഉണ്ടായിട്ടുണ്ട് എന്നാണല്ലോ അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കി ഇടപെടാന്‍ ഇതുപോലുള്ള ആളുകള്‍ തയ്യാറാവണം എന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ്”- മുഖ്യമന്ത്രി പറഞ്ഞു

കേരളീയം 2023 കേരളത്തിൻ്റെ മഹോത്സവമാണ്. കേരളത്തിന്റെ തനിമ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. നവംബർ ഒന്നിന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. യുഎഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി. പിള്ള  തുടങ്ങിയവരും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി കവടിയാർ മുതൽ കിഴക്കെക്കോട്ട വരെ 42 വേദികളിലായാണ് നടക്കുക. അഞ്ച് വേദികളിൽ വിവിധ വിഷയങ്ങളിൽ 25 സെമിനാറുകൾ നടക്കും. എല്ലാദിവസവും നടക്കുന്ന കലാപരിപാടികളിൽ 4100 ഓളം കലാകാരൻമാർ പങ്കെടുക്കും.11 വേദികളിലായി ഫുഡ് ഫെസ്റ്റിവലും കനകക്കുന്നിൽ സെൽഫി പോയിന്റും ഒരുക്കും. 100 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്ര മേളയും ആറ് ഇടങ്ങളിൽ പുഷ്‌പോത്സവവും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി വൈകീട്ട് ആറു മണി മുതൽ 11 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കൂടാതെ സൗജന്യ കെഎസ്ആർടി ബസ് യാത്രാ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top