സുരേഷ് ഗോപിയെക്കുറിച്ച് മിണ്ടാട്ടമില്ല; പാലക്കാട് വീണ്ടും പാതിരാ റെയ്ഡ് മോഡൽ ബോംബ് പൊട്ടിക്കാൻ സിപിഎം
മുനമ്പം ഭൂമി വിഷയത്തിൽ വര്‍ഗീയ ധ്രൂവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതു കൊണ്ടാണ് ബോധപൂർവം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിനെ ‘കിരാതം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. മുനമ്പത്തെ പ്രശ്നം നാലക്ഷരമുള്ള കിരാതമാണെന്നും. അതിനെ ഭാരതത്തിൽ നിന്നും ഇല്ലാതാക്കുമെന്നായിരുന്നു ബിജെപി നേതാവിൻ്റെ പ്രസ്താവന. വഖഫ് നിയമ ഭേദഗതി ബിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കാൻ സർക്കാർ അനുവദിക്കില്ല. ഒരു കുടിയൊഴുപ്പിക്കലിനെയും സിപിഎം അനുകൂലിക്കില്ല. പാലക്കാട് കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട്ടെ പാതിരാ റെയ്ഡിൽ ശക്തമായ അന്വേഷണം വേണമെന്ന് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പാലക്കാട്ട് ഇനിയും ബോംബുകൾ പൊട്ടുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം ഇന്ന് പ്രതികരിച്ചത്.
പാലക്കാട്ട് എൽഡിഎഫ് ചരിത്രവിജയം നേടും. പിപി ദിവ്യയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാം എന്നുവിചാരിക്കേണ്ട. വിഷയത്തിൽ സിപിഎം ശക്തമായി ഇടപെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണോ എന്ന് പറയാനാവില്ലെന്നും ഗോവിന്ദൻ പറഞ്ഞു.കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ല. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നമാണത്. യുഡിഎഫിന് ഇത് തിരിച്ചടിയാകും. എൽഡിഎഫിന് വീഴ്ച സംഭവിച്ചിട്ടില്ല. കുടുംബയോഗങ്ങളിൽ യുഡിഎഫും ബിജെപിയും വലിയ രീതിയിൽ പണം ഒഴുക്കുകയാണെന്നും ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here