സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു, വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നോട്ടീസ്

കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പോലീസ്. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലിന് സുരേഷ് ഗോപി ഹാജരായത്. ഉച്ചയ്ക്ക് 12 മണിക്ക് എത്തിയ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂറോളമാണ് നീണ്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുളള നേതാക്കളും പ്രവര്‍ത്തകരും സുരേഷ്‌ഗോപിക്ക് പിന്തുണയുമായി സ്റ്റേഷന് മുന്നിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് എത്തിയ വാഹനം സ്റ്റേഷന് ഉള്ളിലേക്ക് കടത്തി വിടുന്നത് സംബന്ധിച്ച് പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സുരേഷ്‌ഗോപിയുടെ വാഹനം മാത്രം കടത്തിവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിപറഞ്ഞ ശേഷമാണ് മടങ്ങിയത്.

രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രയായി സുരേഷ് ഗോപി സ്റ്റേഷനില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സുരേഷ്‌ഗോപി പദയാത്രയ്ക്ക് എത്തിയില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പദയാത്രയായി സ്റ്റേഷന് മുന്നിലെത്തി. കോഴിക്കോട് എസ്ജിക്കൊപ്പം, വേട്ടയാടല്‍ അനുവദിക്കില്ല എന്നീ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top