മുകേഷിനെ തുണച്ച് സുരേഷ് ഗോപി; പീഡനത്തിൻ്റെ അപ്പസ്തോലനെന്ന് ആഞ്ഞടിച്ച് സുരേന്ദ്രൻ; മറനീക്കി ബിജെപിയിലെ ഭിന്നത

ഒന്നിലേറെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയർന്ന ചലച്ചിത്ര നടനും കൊല്ലം എംഎൽഎയുമായ മുകേഷിൻ്റെ പേരിൽ ബിജെപിയിൽ ഭിന്നത. വിഷയത്തിൽ സർക്കാരും സിപിഎമ്മും കടുത്ത പ്രതിസന്ധിയിൽ തുടരുമ്പോഴാണ് ഭിന്നത പുറത്തു വന്നിരിക്കുന്നത്. നടൻ്റെ രാജി ആവശ്യപ്പെട്ട് പാർട്ടിയും മഹിളാ മോർച്ചയും ശക്തമായ പ്രതിഷേധം നടത്തുന്നതിനിടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുകേഷിനെ പിന്തുണച്ചതാണ് തിരിച്ചടിയായത്.
സിപിഎം എംഎൽഎയ്ക്ക് എതിരെ ആരോപണം മാത്രമാണെന്നും രാജിവയ്ക്കണമോ വേണ്ടയോ എന്നത് കോടതി പറയും എന്നാണ് ബിജെപി എംപിയുടെ പ്രതികരണം. പിന്നാലെ മുകേഷ് സ്ത്രീ പീഡനത്തിൻ്റെ അപ്പസ്തോലനാണെന്നും കേന്ദ്ര മന്ത്രിയുടേത് പാർട്ടിയുടെ നിലപാടല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം മാധ്യമസൃഷ്ടി ആണെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. ഇതുവഴി വലിയ ഒരു സംവിധാനത്തെ തകിടം മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നാണ് രോഷാകുലനായി കേന്ദ്ര മന്ത്രി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ബിജെപി എംപിയുടെ നിലപാടിനെ പൂർണമായും തള്ളുകയാണ് പാർട്ടി അധ്യക്ഷൻ. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെവരെ പീഡിപ്പിക്കാൻ മടിയില്ലാത്ത ആളാണ് മുകേഷെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.
മാധ്യമങ്ങളെ വിഷയത്തിൽ കുറ്റം പറയേണ്ട കാര്യമില്ല. മുകേഷ് രാജിവയ്ക്കണമെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. നടനും മന്ത്രിയും എന്ന നിലയിൽ സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിന്റെ നിലപാട് ഉണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ച് പാർട്ടിയുടെ നിലപാടാണ് വലുതെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. പരാതി ഉയര്‍ന്നപ്പോള്‍ രഞ്ജിത്തും സിദ്ദിഖും രാജിവച്ചു.എന്നാൽ മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മറ്റ് രണ്ടു പേരെക്കാള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊല്ലം എംഎൽഎയാണ്. നടൻ പങ്കെടുത്താല്‍ കോണ്‍ക്ലേവ് തടയുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here