‘അര്‍ദ്ധരാത്രിയില്‍ കുട പിടിച്ച’ സുശീല്‍ കുമാര്‍; കെബിസിയിലെ ആദ്യ കോടിപതി പിച്ചക്കാരനായ കഥ
![](https://www.madhyamasyndicate.com/wp-content/uploads/2025/02/kbc.jpg)
‘കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ -ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍, രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളിക മുകളേറിയ മന്നന്റെ, തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍’… നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങള്‍ കാണുമ്പോഴും വായിച്ചറിയുമ്പോഴും ആദ്യം മനസിലെത്തുന്നത് ജ്ഞാനപ്പാനയില്‍ പൂന്താനമെഴുതിയ ഈ വരികളാണ്.
രാജ്യത്തെ ഏറ്റവും പോപ്പുലറായ ടെലിവിഷന്‍ ഷോ എന്നറിയപ്പെടുന്ന കോന്‍ ബനേഗ കരോര്‍പതിയില്‍ (KBC) പങ്കെടുത്ത് സമ്മാനം നേടിയ കോടീശരന്‍ ഇന്നിപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാല് വിറ്റ് നടക്കുകയാണ്. കിട്ടിയ കോടികള്‍ ദീപാളികുളിച്ച് കളഞ്ഞ കഥയാണ് ബീഹാറുകാരൻ സുശീല്‍ കുമാറിന്റേത്.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/ss.jpeg)
അമിതാബ് ബച്ചന്‍ ആങ്കറായി സ്റ്റാര്‍ ടിവിയില്‍ ആദ്യകാലത്ത് നടത്തിയിരുന്ന ‘കോന്‍ ബനേഗ കരോര്‍പതി’ പ്രോഗ്രാമില്‍ പങ്കെടുത്ത് ആദ്യമായി അഞ്ച് കോടി രൂപ നേടിയ വ്യക്തിയാണ് സുശീല്‍ കുമാര്‍. സുശീലിന്റ പേരില്‍ രാജ്യമാകെ ഫാന്‍സ് ക്ലബുകള്‍ രൂപം കൊണ്ടു. ഒറ്റ രാത്രി കൊണ്ട് അയാള്‍ മെഗാസ്റ്റാര്‍ പദവി നേടി. നികുതി കഴിച്ച് മൂന്നരക്കോടി രൂപയാണ് സുശീലിന് സമ്മാനമായി കിട്ടിയത്.
2011ല്‍ കെബിസിയുടെ അഞ്ചാമത്തെ സീസണിലാണ് സുശീല്‍ പങ്കെടുത്തത്. കോടിപതിയായ ശേഷം അദ്ദേഹത്തിന് ബീഹാറിന്റെ മുക്കിലും മൂലയിലും സ്വീകരണം ഒരുക്കിയിരുന്നു. കാശും പ്രശസ്തിയും കിട്ടിയതോടെ സുശില്‍ മറ്റൊരാളായി മാറി. കാശ് കണ്ട് ഭ്രമിച്ച ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിന്നും അടിമയായി. വേണ്ടാത്ത കൂട്ടുകെട്ടുകളിലെല്ലാം പോയി ചാടി. അടുത്തു കൂടിയവരെല്ലാം സുശീലിനെ പറ്റിച്ചു. ഒരുപാടു പേരുടെ ആരാധനപാത്രമായിരുന്ന സുശീല്‍ ഒടുവില്‍ തെരുവിലേക്ക് എടുത്തെറിയപ്പെട്ടു.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/WhatsApp-Image-2025-02-13-at-11.18.37-AM.jpeg)
മദ്യവും മയക്കുമരുന്ന് ഉപയോഗവും നിമിത്തം കുടുംബജീവിതം താറുമാറായി. ഭാര്യയുമായി അടിച്ചുപിരിഞ്ഞു. ഒരിക്കല്‍ എല്ലാവരുടേയും ആരാധനപാത്രമായിരുന്ന അദ്ദേഹം വളരെ പെട്ടെന്ന് വെറുക്കപ്പെട്ടവനായി. ഒടുക്കം തനിക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് അദ്ദേഹം പശ്ചാത്താപ വിവശനായി 2020 ല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടപ്പോഴാണ് സുശീല്‍ കുമാറിന് സംഭവിച്ച അവസ്ഥയെക്കുറിച്ച് ലോകം അറിഞ്ഞത്.
മദ്യവും മയക്കുമരുന്നും ഉപേക്ഷിച്ച് വീണ്ടും ജീവിത ട്രാക്കിലേക്ക് തിരിച്ചു പോകാന്‍ അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. സാമ്പത്തിക അരാജകാവസ്ഥയില്‍ നിന്ന് കരകേറാന്‍ പശുവിനെ വളര്‍ത്തിയും പാലുവിറ്റും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഭാഗ്യ – നിര്‍ഭാഗ്യങ്ങള്‍ക്കിടയില്‍ 2023ല്‍ സുശീലിന് വിദ്യാഭ്യാസ വകുപ്പില്‍ സൈക്കോളജി അധ്യാപകനായി ജോലി കിട്ടി. ചരട് പൊട്ടിപ്പോയ പട്ടം കണക്കെ കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സുശീല്‍ കുമാര്‍.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here