ഹവാലക്കാരുടെ പണി പാളി; സ്വര്‍ണം കടത്തുന്നയാളെ റോഡിൽ ഉപേക്ഷിച്ചവർ പിടിയിൽ

വിമാനമാർഗം സ്വർണം കടത്തുന്ന സംഘാംഗത്തെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ. വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷെഫീക്ക്, സെയ്ദ് അബ്ദുൽ സലാം, മാഹീൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്നും വീട്ടിലേക്ക് പോയ തിരുനെൽവേലി സ്വദേശി ഉമറിനെയാണ് തട്ടിക്കൊണ്ടുപോയത്.
പ്രതികൾക്ക് കള്ളക്കടത്ത് ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.ഉമറിൻ്റെ കയ്യിൽ സ്വർണം ഉണ്ടെന്ന ധാരണയിലാണ് കടത്തിക്കൊണ്ട് പോയത്. സിംഗപ്പൂരിൽ നിന്നും സ്വർണവുമായി എത്തിയ ആളിനെ കസ്റ്റംസ് പിടിച്ചിരുന്നു. ഇയാള്‍ എത്താത്തതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് കാറിലെത്തിയ സംഘം ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയത്.
ഉമറിൻ്റെ കയ്യിൽ സ്വർണമില്ലെന്ന് ഉറപ്പായപ്പോൾ പ്രതികൾ ഓവർ ബ്രിഡ്ജിന് സമീപം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർ വിവരം പോലിസിൽ അറിയിച്ചതാണ് സംഘത്തെ കുടുക്കിയത്. വിദേശത്ത് നിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ധാരണ. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here