നോട്ടുബുക്കെഴുതാത്ത പോലീസുകാരൻ്റെ സസ്പെൻഷൻ ചായക്കോപ്പയിലെ കൊടുങ്കാറ്റായി; പി.പ്രദീപിന് ആലപ്പുഴയിൽ തന്നെ നിയമനം

പോലീസുകാർക്കും നോട്ടുബുക്ക്. അത് എഴുതാത്തത് ഗുരുതര കൃത്യവിലോപമെന്നും അതിന് സസ്പെൻഷനെന്നും മറ്റുമുള്ള ഉത്തരവ് കണ്ട് മലയാളികൾ അന്തംവിട്ടത് കഴിഞ്ഞയാഴ്ചയാണ്…. സ്കൂൾ- കോളജ് വിദ്യാർത്ഥികൾക്കെന്ന പോലെ സർക്കാർ ജോലിക്കാരായ പോലീസുകാർക്കും നോട്ടെഴുത്ത് മസ്റ്റാണ്. ദൈനംദിന കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ച് സദാ കൈയ്യിൽ കൊണ്ടുനടക്കണം. ക്ലാസിലെ ടീച്ചറുടെ പോലെ മേലുദ്യോഗസ്ഥൻ എപ്പോൾ ചോദിച്ചാലും പരിശോധനക്ക് കൊടുക്കണം. ഇതൊക്കെ പോലീസിലെ നാട്ടുനടപ്പാണ്. ഇതെല്ലാം സാധാരണക്കാർക്ക് മനസിലാകാൻ കവി കൂടിയായ ആലപ്പുഴയിലെ ഗ്രേഡ് എസ്ഐ പി.പ്രദീപ് കാരണക്കാരനായെന്ന് മാത്രം.

തൻ്റെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ ജില്ലാ പോലീസ് മേധാവിമാർ ഇൻസ്പെക്ഷൻ നടത്തുന്നത് പുതുമയൊന്നും അല്ലെങ്കിലും ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. അങ്ങനെയാണ് നോട്ടുബുക്ക് പരിശോധനയിൽ പി.പ്രദീപ് കുടുങ്ങിയത്. എസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിഐജി പുട്ട വിമലാദിത്യയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. അത് കടന്ന കൈയ്യാണെന്ന് ബോധ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ശിക്ഷ കുറയ്ക്കാൻ നിർദേശിച്ചിരുന്നു. ഇതോടെയാണ് തിരിച്ചെടുത്ത് ‘ഓറൽ എൻക്വറി’ ഉത്തരവായത്.

ALSO READ: പോലീസിൽ ‘നിർബന്ധിത വിരമിക്കൽ’; വഞ്ചനാകേസിൽ ജപ്തിഭീഷണി നേരിട്ട ഡിജിപി ഭരിക്കുമ്പോൾ പാവം പോലീസുകാർക്ക് ‘കർശന നടപടി’; വകതിരിവില്ലാതെ ഡിഐജി

ഇതടക്കം പോലീസുകാരുടെ ചെറിയ വീഴ്ചകൾക്ക് കടുത്ത ശിക്ഷകൾ വിധിക്കുന്ന ഡിഐജിയുടെ നടപടി മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കരീലക്കുളങ്ങര സ്റ്റേഷനിൽ തന്നെ എസ്ഐ ആയിരുന്നയാൾക്ക് അയൽവാസിയുടെ പരാതിയിലെടുത്ത കേസിൻ്റെ പേരിൽ നിർബന്ധിത വിരമിക്കലിനാണ് ഡിഐജി ഉത്തരവിട്ടത്. കേസിൽ നിന്ന് പരാതിക്കാരി പിൻവാങ്ങിയിട്ടും നടപടി ഇളവുചെയ്യാൻ ഡിഐജി തയ്യാറായില്ല എന്നത് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ നടപടിയും ഇപ്പോൾ പുനപരിശോധിക്കുന്നുണ്ട്.

വിരമിക്കാൻ ഏതാനും മാസം മാത്രം ബാക്കിനിൽക്കെയാണ് ഗ്രേഡ് എസ്ഐ പി.പ്രദീപിനെതിരെ കടുത്ത നടപടിയുണ്ടായത്. നേരത്തെ ജോലിചെയ്ത കരീലക്കുളങ്ങരയിൽ അധികം അകലെയല്ലാതെ വീയപുരം സ്റ്റേഷനിലാണ് പുതിയ നിയമനം. ഇടത് അനുകൂല പോലീസ് അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ ഭാരവാഹിയായിരുന്നു പ്രദീപ്. വാട്സാപ്പ് ഗ്രൂപ്പുകൾ തോറും പ്രചരിച്ച സസ്പെൻഷൻ ഉത്തരവിലൂടെ ഗ്രേഡ് എസ്ഐ പ്രദീപിനെ ഇപ്പോൾ പലരും അറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രദീപ് കരുവാറ്റ എന്ന തൂലികാനാമത്തിലൂടെ ആലപ്പുഴക്കാർക്ക് മുൻപേ പരിചിതനാണ്. കാരണം കവിയും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമാണ് പ്രദീപ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top