ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; സസ്പെന്‍ഷന്‍ ഉത്തരവ് ഉടന്‍; നടപടി പോലീസുകാരുടെ സസ്പെന്‍ഷന് പിന്നാലെ

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാബുവിനെതിരായ സസ്പെന്‍ഷന്‍ ശുപാര്‍ശ ഡിജിപി സര്‍ക്കാരിന് കൈമാറും. ഇന്ന് രാത്രിയോ നാളെയോ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങും.

ഈ മാസം മുപ്പതിനാണ് സാബു സര്‍വീസില്‍ നിന്നും വിരമിക്കേണ്ടത്. അതിന് മുന്‍പ് തന്നെയാണ് സസ്പെന്‍ഷന്‍ തീരുമാനം. തമ്മനം ഫൈസൽ ഒരുക്കിയ ഗുണ്ട വിരുന്നിലാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം.ജി.സാബുവും ഒപ്പമുള്ള രണ്ട് പൊലീസുകാരും പങ്കെടുത്തത്. പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഗുണ്ടാവിരുന്ന് വിവാദമായതോടെ ഡിവൈഎസ്‌പിക്ക് യാത്രയയപ്പിന് വേണ്ടി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പിൽ ഒരുക്കിയ പന്തൽ പൊളിച്ചുനീക്കിയിരുന്നു.ആലപ്പുഴ സായുധ സേന ക്യാമ്പിൽ നിന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ഒരാൾ ഡിവൈഎസ്പിയുടെ വാഹനത്തിന്റെ ഡ്രൈവറും മറ്റൊരാൾ സ്‌ക്വാഡ് അംഗമാണ്.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എസ്‌ഐയും സംഘവും ഫൈസലിന്റെ വീട്ടിൽ എത്തിയതോടെ ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷന്‍ പോലീസ് നടത്തുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ സംഘടിപ്പിച്ച വിരുന്നിൽ അതിഥിയായി എത്തിയത്.

സ്ഥലത്ത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡിവൈഎസ്പിയെയും പൊലീസുകാരെയും അവിടെ കണ്ടത്. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും പിന്നാലെ നടപടി വരുകയുമായിരുന്നു. പൊലീസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവമായതോടെയാണ് ഡിവൈഎസ്പിയെയും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top