സ്വർണക്കടത്തിന് ഒത്താശ; സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ മറ്റൊരു ഉദ്യോഗസ്ഥനും
സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച കൂടുതൽ വിവരം പൊലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം അന്വേഷണം തുടങ്ങിയത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ നവീനാണെന്ന് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here