ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ; തട്ടിച്ച തുകയെല്ലാം തിരിച്ചടച്ചെന്ന് ന്യായം

അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ ജീവനക്കാരിൽ നിന്ന് തുക തിരിച്ചുപിടിച്ചെന്ന് സർക്കാർ. അന്യായമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും ഉൾപ്പെടെയാണ് തിരിച്ചുപിടിച്ചത്. ഈ തുക ഒടുക്കാൻ തയ്യാറായവരെ അതിൻ്റെ അടിസ്ഥാനത്തിൽ തിരിച്ചെടുത്ത് കൊണ്ട് സർക്കാർ ഉത്തരവിറക്കി. റവന്യു വകുപ്പിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ കാര്യത്തിലാണ് ഈ തീരുമാനം.
അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയ റവന്യു വകുപ്പിലേയും സർവേ-ഭൂരേഖാ വകുപ്പിലേയും 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തത് 2024 ഡിസംബർ 26നാണ്. സസ്പെൻഷനിലായിരുന്ന റവന്യൂ വകുപ്പിലെ 16 പേർ തുകയും 18 ശതമാനവും പലിശയും തിരിച്ചടച്ചു. ഈ 16 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ക്ലർക്ക്, വില്ലേജ് അസിസ്റ്റൻ്റ്, എൽഡി ടൈപ്പിസ്റ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, ഓഫിസ് അറ്റൻഡൻ്റ്, പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികയിൽ ഉള്ളവരാണ് സസ്പെൻഷനിലായത്.
ആകെ 1457 സർക്കാർ ജീവനക്കാരാണ് അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയത്. ഇവരിൽ ഭൂരിഭാഗവും പാർട്ട് ടൈം ജീവനക്കാരാണ്. 2023ലെ സിഎജി റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടും സർക്കാർ നടപടി എടുക്കാതെ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് നടപടി എടുക്കാൻ തയ്യാറായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here