നടന് സെൻട്രൽ ജയിലിൽ സുഖവാസം ഒരുക്കിയവർ കുടുങ്ങി; കൊലക്കേസ് പ്രതിയുടെ വിഐപി പരിഗണനയിൽ നടപടി

ആരാധകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകിയ സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി. വിഷയം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ജയിൽ അധികൃതർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെ നടപടിയെടുത്തെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, വിവാദങ്ങളുടെ പശ്ചാത്തത്തിൽ ദർശനെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. ജയിലിൽ നേരിട്ട് എത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്‌ ജയിലിൽ നടന് വിഐപി പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ജയിലിനുള്ളിലെ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരിക്കുന്നതും കയ്യിൽ ഒരു കപ്പും സിഗരറ്റുമായി വിശ്രമിക്കുന്ന ചിത്രമായിരുന്നു വൈറലായത്. ഒപ്പമുള്ളത് വിൽസൺ ഗാർഡൻ നാഗ, കുള്ള സീന എന്നീ തടവുകാരും കൂട്ട് പ്രതിയും നടൻ്റെ മാനേജറുമായ നാഗരാജുമാണ് എന്നാണ് വിവരം.

ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തിലാണ് ദർശൻ അറസ്റ്റിലായത്. കേസിൽ രണ്ടാം പ്രതിയാണ് നടൻ. കന്നട നടി പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. കേസിൽ ആകെ 17 പ്രതികളാണുള്ളത്. പവിത്രയ്ക്ക് അപകീർത്തികരമായ മെസേജ് അയച്ചതിന് നടൻ ദർശൻ്റെ ഫാൻസ് ക്ലബ്ബ് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുമ്പ് വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top