തൊണ്ടിമുതല്‍ കടത്തി; എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: അപകടമുണ്ടാക്കിയതിനെ തുടർന്ന് പിടിച്ചെടുത്ത ജെസിബി മാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് കേസിൽ ഉൾപ്പെട്ട ജെസിബി മാറ്റി പകരം മറ്റൊരെണ്ണം വെച്ച സംഭവത്തില്‍ എസ്ഐ നൗഷാദിനെയാണ് സസ്പെൻഡ് ചെയതത്. പോലീസിന് വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സ്റ്റേഷനില്‍ പോലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് അറിയാതിരുന്നത് പോലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടി.

സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ജെസിബി മാറ്റിയത് പോലീസിൻ്റെ അറിവോടെയായിരുന്നു എന്ന ആരോപണം ഉയർന്നതോടെ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പോലീസിൻ്റെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖല ഡിഐജി ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശയുണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

സെപ്റ്റംബർ 19നുണ്ടായ അപകടത്തിൽ ജെസിബി ഇടിച്ച് ബൈക്ക് യാത്രികനായ സുധീഷ് മരിച്ചിരുന്നു. ജെസിബിക്ക് രജിസ്ര്‌ടേഷനോ മറ്റുരേഖകളോ ഇല്ലായിരുന്നു. പ്രദേശത്തെ ക്രഷര്‍ ഉടമയുടേതാണ് ജെസിബി. ഒക്ടോബർ 10 ന് ഏഴംഗ സംഘം സ്റ്റേഷൻ്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ജെസിബി കടത്തിക്കൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തൊണ്ടിമുതല്‍ മാറ്റിയതിന് വാഹന ഉടമയുടെ മകന്‍ മാര്‍ട്ടിന്‍ കൂട്ടാളികളായ ജയേഷ്, രജീഷ് മാത്യു, രാജ്, മോഹന്‍ രാജ, ദീലീപ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സ്റ്റേഷനിൽ നിന്നും കടത്തിയ ജെസിബി പിന്നീട് തിരുവമ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഏഴംഗ സംഘമാണ് വാഹനം കടത്തിയതെന്നും ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top