മാരുതി 800ൻ്റെ പിതാവ് അന്തരിച്ചു; ഒസാമു സുസുക്കിയുടെ മരണവിവരം അറിയിച്ച് കമ്പനി

ജപ്പാൻ ആസ്ഥാനമായുള്ള വാഹന നിർമാണ കമ്പനിയായ സുസുക്കി കോർപ്പറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഈ മാസം 25ന് മരിച്ചതായി കമ്പനി അറിയിച്ചു.
1958ലാണ് ഒസാമു ഔദ്യോഗികമായി സുസുക്കിയിൽ ജോലിയിൽ ചേരുന്നത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ൽ അദ്ദേഹം ഡയറക്ടറായി. ജൂനിയർ, സീനിയർ തസ്തികകളിലേക്കുള്ള ചവിട്ടുപടികൾ കൂടി പിന്നിട്ട് 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി ഒസാമു മാറി.
സുസൂക്കി ജനപ്രിയ വാഹ ബ്രാൻഡായി മാറിയത് ഒസാമു കമ്പനിയെ നയിച്ച കാലത്തായിരുന്നു. 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനം അദ്ദേഹം ഒഴിഞ്ഞത്. 2000ലായിരുന്നു അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഇദ്ദേഹത്തിൻ്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും ഒസാമുവാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നാണ് മാരുതി 800 രൂപകൽപ്പന ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here