സമന്‍സ് കിട്ടിയില്ലെന്ന് സ്വപ്ന സുരേഷ്; അന്വേഷണവുമായി സഹകരിക്കും; സ്വര്‍ണ്ണക്കടത്ത് കേസ് അനന്തമായി നീളുന്നു; സിസ്റ്റത്തിനെതിരെ യുദ്ധംചെയ്ത് എങ്ങനെ മുന്നോട്ട് പോകുമെന്നും ചോദ്യം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ സമന്‍സ് ലഭിക്കാത്തതിനാലാണ് ഹാജരാകാത്തതെന്ന് സ്വപ്ന സുരേഷ്. തനിക്ക് സമന്‍സ് അയച്ചുവെന്ന് വാര്‍ത്തയില്‍ കണ്ട വിവരം മാത്രമേയുള്ളൂവെന്നും സ്വപ്ന മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
തളിപ്പറമ്പ് സ്റ്റേഷനില്‍ നിന്നും ഒരു തവണ ഹാജരാകാന്‍ നോട്ടീസ് വന്നപ്പോള്‍ ഹാജരായതാണ്. നോട്ടീസ് വന്നാല്‍ അന്വേഷണവുമായി സഹകരിക്കും. തുടര്‍ച്ചയായി സമന്‍സ് ലഭിച്ചിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
“സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലുമെല്ലാം റിസള്‍ട്ട് ഉണ്ടാക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. മുഴുവന്‍ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം നീളുന്നതില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. ഇതൊരു സിസ്റ്റമാണ്. അതിനെതിരെ എങ്ങനെ യുദ്ധം ചെയ്യാന്‍ കഴിയും. എന്തായാലും ഈ കേസില്‍ ഞാന്‍ പോസിറ്റീവായുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്. ബിജെപി-സിപിഎം ധാരണ അന്വേഷണം നീളുന്നതിനു പിന്നിലുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ ഉയര്‍ത്തിയ ഈ കേസുകളില്‍ കാത്തിരുന്ന് കാണുക എന്ന നയമാണ് ഞാന്‍ സ്വീകരിക്കുന്നത്.”
“തിരഞ്ഞെടുപ്പ് ആയുധങ്ങളായല്ല കേസിനെ ഞാന്‍ കാണുന്നത്. പറയേണ്ട സമയം വന്നാല്‍ ഞാന്‍ ഈ കാര്യത്തില്‍ പ്രതികരിച്ചിരിക്കും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് പ്രശ്നമില്ല. പിണറായി വിജയന്‍ ഈ കാര്യത്തില്‍ എന്ത് പ്രതികരിച്ചാലും അതും എനിക്ക് വിഷയമല്ല. ഞാന്‍ നോക്കുന്നത് അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ മാത്രമാണ്. വീണ വിജയന്‍റെ കേസും എന്റെ കേസും വ്യത്യസ്തമാണ്.”
“കേരളം വിട്ടിട്ടും ഭീഷണികള്‍ എന്റെ പിറകെയുണ്ട്. ഓരോ കാര്യങ്ങളും ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയില്ല. കേരളത്തില്‍ ഞാന്‍ സുരക്ഷിതയല്ല. ജീവന് ഭീഷണിയുണ്ട്. തത്കാലം ബംഗളൂരില്‍ തന്നെ തുടരുകയാണ് നല്ലതെന്നാണ് തോന്നുന്നത്. കേരളത്തിലേക്ക് തിരിച്ചുവരുന്നത് പിന്നീട് ചിന്തിക്കും.”-സ്വപ്ന സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കുവാൻ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ പോസ്റ്റിനെതിരെയാണ് ഒരുകോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ അപകീർത്തി കേസ് നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here