സ്വര്‍ഗവാതില്‍ ഏകാദശി നാളെ; ഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറന്നിടുന്ന ദിനം; ഗുരുവായൂരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുമെല്ലാം വിശേഷ ദിനം

തിരുവനന്തപുരം: ശനിയാഴ്ച സ്വര്‍ഗവാതില്‍ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ഏകാദശികളില്‍ അതിപ്രധാനമാണിത്. ഈ ദിവസം ഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറന്നിടുമെന്നാണ് വിശ്വാസം.
വിഷ്ണു ക്ഷേത്രങ്ങളിൽ മുന്‍വാതിലില്‍ കൂടി പ്രവേശിച്ച് ദർശനം നടത്തി മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗവാതിൽ കടക്കുന്നതിന് തുല്യമാണെന്ന് കരുതപ്പെടുന്നു. വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിച്ചാല്‍ മോക്ഷത്തിന് കാരണമാകും. അതുകൊണ്ട് തന്നെ വിഷ്ണുക്ഷേത്രങ്ങളില്‍ വടക്കേനട തുറക്കുന്ന ഈ ദിനം ഭക്തജനത്തിരക്കായിരിക്കും. വിഷ്ണു പ്രതിഷ്ഠയുള്ള ഗുരുവായൂരും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുമെല്ലാം ദര്‍ശനക്രമത്തില്‍ മാറ്റവും വിശേഷാല്‍ പൂജകളുമെല്ലാമുണ്ടാകും.
ഒരുപാട് നിഷ്ഠകളാണ് വ്രതം എടുക്കുന്നവര്‍ക്കുള്ളത്. വ്രതാനുഷ്ഠാനം തലേദിവസം ആരംഭിക്കും. അന്ന് ഒരു നേരം മാത്രം ഊണ്. ഏകാദശി ദിവസം പൂർണമായ ഉപവാസം നടത്തണം. അതിന് കഴിയാത്തവര്‍ക്ക് ഒരുനേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാം. എണ്ണതേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതുമാണ് നല്ലതായി കരുതുന്നത്.
വിഷ്ണു ദ്വാദശ നാമങ്ങൾ, വിഷ്ണു അഷ്ടോത്തരം, വിഷ്ണുസഹസ്രനാമം നിരന്തരം ചൊല്ലും. ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷര മന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും 108 തവണ ജപിക്കുന്നത് ഉത്തമമാണ്. തുളസീപൂജ ചെയ്യുന്നതും ശ്രേഷ്ഠമായി കരുതുന്നു. ഏകാദശി കഴിഞ്ഞാല്‍ പിറ്റേന്ന് പാരണവീടലാണ്. ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് സ്വർഗവാതിൽ ഏകാദശി വ്രതം അവസാനിപ്പിക്കാം.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തന്ത്രിയുടെ നിർദേശപ്രകാരം നാളെ കേശാദിപാദ ദർശനം അനുവദിക്കും. ശ്രീകോവിലിന്റെ വടക്കേനട പൊന്നുംനടയായി അലങ്കരിക്കും. വെളുപ്പിന് 2.30 മുതൽ നിർമാല്യദർശനം. 5മുതൽ 6.15 വരെയും, 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്കുശേഷം 3.00 മുതൽ 6.15 വരെയും ദർശനമുണ്ടാകും.
രാത്രി 8-ന് സിംഹാസന വാഹനത്തിൽ പൊന്നുംശീവേലി. രാത്രി 9.15 മുതൽ വീണ്ടും ഭക്തർക്ക് ദർശനസൗകര്യം ഉണ്ടായിരിക്കും. തെക്ക് ഭാഗത്തുകൂടി നരസിംഹമൂർത്തിയെ തൊഴുത് ഒറ്റക്കൽ മണ്ഡപത്തിനു സമീപം പ്രവേശിച്ച് ഭഗവാന്റെ ശിരസ്സ്, ഉടൽ, പാദം എന്നിവ തൊഴുതിറങ്ങുന്നതാണ് ദർശനക്രമം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here