പട്ടിയുടെ വിലപോലുമില്ല വീട്ടുജോലിക്കാര്‍ക്ക്; മതിയായ കൂലി നല്‍കാത്തതിന് കോടീശ്വരനായ ഹിന്ദുജക്ക് തടവുശിക്ഷ

ഇട്ടുമൂടാന്‍ സ്വത്തുണ്ടായിട്ടും വീട്ടുജോലിക്കാര്‍ക്ക് ന്യായമായ വേതനവും, സൗകര്യങ്ങളും നല്‍കാത്തതിന് കോടീശ്വരനായ പ്രകാശ് ഹിന്ദുജയേയും കുടുംബത്തിലെ മറ്റ് മൂന്ന് പേരെയും ജനീവ കോടതി നാലര വര്‍ഷം തടവിന് വിധിച്ചു. കിലുക്കം സിനിമയിലെ ഡയലോഗ് പോലെ ‘എച്ചി എന്നും എച്ചി തന്നെ’- അത്തരമൊരു നെറികേടിന്റെ കഥയാണ് ജനീവ കോടതിയിലൂടെ പുറത്തു വന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് ഹിന്ദുജ കുടുംബം.

ലോകമെമ്പാടും ബിസിനസ് സാമ്രാജ്യം പടര്‍ന്നു കിടക്കുന്ന ഇന്ത്യാക്കാരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ ഇംഗ്ലണ്ടിലും സ്വിറ്റ്‌സര്‍ലന്‍ഡിലും സ്ഥിരതാമസക്കാരാണ്. 1.6 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള പ്രകാശ് ഹിന്ദുജയും കുടുംബവും വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. വീട്ടുജോലിക്കായി ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന പാവങ്ങള്‍ക്ക് മതിയായ ശമ്പളവും കിടന്നുറങ്ങാനുള്ള സൗകര്യം പോലും നല്‍കാതെ അടിമകളെ പോലെ 18 മണിക്കൂറിലധികം പണിയെടുപ്പിച്ചെന്നാണ് പരാതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വിസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് സഹസ്രകോടീശ്വര കുടുംബത്തിന്റെ ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നത്.

ജീവനക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുവക്കുക, സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യന്‍ രൂപയില്‍ ശമ്പളം നല്‍കുക, വീടിന് പുറത്തു പോകാന്‍ അനുവദിക്കാതിരിക്കുക, മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ കടത്തി കൊണ്ടുവരിക തുടങ്ങിയ കുറ്റങ്ങളാണ് പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍, മകന്‍ അജയ്, മരുമകള്‍ നമ്രത എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് പ്രതിദിന വേതനമായി വെറും 660 രൂപയാണ് നല്‍കിയിരുന്നത്. സമാനമായ കുറ്റത്തിന് 2007ല്‍ പ്രകാശ് ഹിന്ദുജയെ കോടതി ശിക്ഷിച്ചിരുന്നു. ജോലിക്കാര്‍ക്ക് പ്രതിമാസം 250 മുതല്‍ 450 ഫ്രാങ്ക്സ്(ഏകദേശം 19800 രൂപ) നല്‍കിയിരുന്നത്. സമാന ജോലിക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലഭിക്കുന്ന തുകയേക്കാള്‍ വളരെ തുച്ഛമായ വേതനമായിരുന്നു എന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. പാവങ്ങളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കി എന്നത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വളര്‍ത്തു പട്ടിക്ക് നല്‍കുന്ന പരിഗണന പോലും വീട്ടുജോലിക്കാരോട് ഹിന്ദുജ കുടുംബം കാണിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. വളര്‍ത്തുനായക്കു വേണ്ടി ഹിന്ദുജ കുടുംബം ഒരു വര്‍ഷം ചെലവിട്ടത് 8,584 സ്വിസ് ഫ്രാങ്ക്സ് – അതായത് ഏകദേശം 8.09 ലക്ഷം രൂപ. അതേസമയം, ദിവസം 18 മണിക്കൂര്‍ വരെ ജോലിയെടുപ്പിച്ച തൊഴിലാളികള്‍ക്കു നല്‍കുന്ന ദിവസക്കൂലി വെറും ഏഴ് ഫ്രാങ്ക്സും.

പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഹിന്ദുജ കുടുംബം നിഷേധിച്ചു. ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായി കുടുംബം 3.5 മില്യന്‍ ഫ്രാങ്ക്സ്(ഏകദേശം 33 കോടി രൂപ) നല്‍കുകയും വേണം. ഇതിനു പുറമെ കോടതിച്ചെലവുകള്‍ക്കായി ഒരു മില്യന്‍ ഫ്രാങ്കും അടയ്ക്കണെന്നും കോടതി വിധിച്ചു.

40 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്. എണ്ണ, വാതകം, ബാങ്കിങ്, ആരോഗ്യം, വാഹന നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top