സുഗന്ധമില്ലാത്ത ഓര്‍മകളുമായി ഒരു വ്യവസായി; മന്ത്രി രാജീവ് ജില്ലാ സെക്രട്ടറി ആയിരിക്കെ സമരംചെയ്ത് ‘സിന്തൈറ്റ്’ പൂട്ടിക്കാന്‍ ശ്രമിച്ച കഥയുമായി വിജു ജേക്കബ്

കേരളത്തിന്റെ വ്യവസായ വികസനത്തിന് കുതിപ്പേകുമെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി നാളെ കൊച്ചിയില്‍ തുടങ്ങാനിരിക്കെ, ലോകത്തിലെ തന്നെ പ്രമുഖമായൊരു കമ്പനിക്കെതിരെ സിഐടിയു നടത്തിയ സമരപരമ്പര വീണ്ടും ചർച്ചയാകുന്നു. ഇന്‍വെസ്റ്റ് കേരള സംഗമവേദിയില്‍ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന സിന്തൈറ്റ് ഗ്രൂപ്പിൻ്റെ മേധാവി ഡോ വിജു ജേക്കബിൻ്റെ ആത്മകഥയിലെ വിവരണമാണ് പഴയ സമരഗാഥയെ വീണ്ടും പൊതുമധ്യത്തിൽ എത്തിക്കുന്നത്. നിക്ഷേപക ഉച്ചകോടിയുടെ സംഘാടകനായ ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കെയാണ് പാർട്ടി പിന്തുണയോടെ സിഐടിയു നടത്തിയ സമരം കമ്പനിയെ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിച്ചത്.
കേരളം വ്യവസായികള്‍ക്ക് പാലും തേനും ഒഴുകുന്ന നാടായി മാറി, എല്ലാം ഏകജാലകത്തിലൂടെ, ഈസ് ഓഫ് ഡൂയിംഗ് എന്നൊക്കെ സര്‍ക്കാരും വ്യവസായ മന്ത്രിയും വായ്ത്താരി മുഴക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഐടിയു സമരം നടത്തി 5000 കോടി വിറ്റുവരവുള്ള സിന്തൈറ്റ് കമ്പനിയെ നാട്ടില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നോക്കിയത്. സംസ്ഥാനത്തെ വ്യവസായികളുടെ പേടിസ്വപ്നം ആക്കിയതിന് ഉത്തരവാദികള്‍ സിപിഎമ്മും അവരുടെ തൊഴിലാളി സംഘടനയുമാണെന്ന് അടിവരയിട്ട് പറയുന്നതാണ് മാതൃഭൂമി ബുക്ക്‌സ് 2023 ഡിസംബറില്‍ പുറത്തിറക്കിയ വിജു ജേക്കബിന്റെ ആത്മകഥയായ ‘സുഗന്ധ ജീവിതം’.

കോലഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിന്തൈറ്റിന്റെ സ്‌പ്രേ ഡ്രൈയിങ് യൂണിറ്റ് കേരളത്തിന് പുറത്ത് തമിഴ്‌നാട് മരുതൂരിലേക്കും മാറ്റിയതുമായി ബന്ധപ്പെട്ടാണ് സിഐടിയു സമരം തുടങ്ങിയത്. 2018 മെയ്, ജുണ്‍ മാസങ്ങളില്‍ നടന്ന തൊഴില്‍ സമരത്തെക്കുറി വിജു ജേക്കബ് മൂന്ന് അധ്യായങ്ങളിലായി വിവരിക്കുന്നുണ്ട്. ആ സമര ദിനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തീരെ സുഗന്ധമില്ലാത്തതും പേടിപ്പെടുത്തുന്നതും ആണെന്ന് സംരംഭകന്റെ ഓര്‍മ്മകളായി കുറിച്ചിട്ടുണ്ട്. ആ കാളരാത്രികളെ ഓര്‍ത്തു കൊണ്ട് ‘അവര്‍ അലറി: ഞങ്ങളെ നിങ്ങള്‍ക്കറിയില്ല’ എന്ന അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. ഇവിടെ സംരംഭം തുടങ്ങാനെത്തിയവരെ കുത്തുപാള എടുപ്പിച്ച ചരിത്രത്തോട് ചെയ്യുന്ന പ്രായശ്ചിത്തമാവണം രണ്ട് ദിവസത്തെ ഇന്‍വെസ്റ്റ് കേരള മീറ്റ്.

“ജീവിതത്തില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കരുത് എന്ന് ആഗഹിക്കുന്ന എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുക സിന്തൈറ്റിലെ തൊഴില്‍ സമരത്തെ കുറിച്ചായിരിക്കും. കഴിഞ്ഞ കാലത്തെ റീവൈന്‍ഡ് ചെയ്‌തെടുത്ത് അതില്‍ നിന്ന് ഇഷ്ടമില്ലാത്തതിനെ മായ്ച്ചു കളയാന്‍ അവസരം കിട്ടിയാല്‍ ആദ്യം ചെയ്യുന്നതും ആ ദിവസങ്ങളെ തുടച്ചു കളയുകയായിരിക്കും. മറവിയുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നു പോലും ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളാണിത്.”

“യൂണിയന്റെ സമരത്തിന് പുറത്ത് നിന്ന് നല്ല പിന്തുണയുണ്ടായിരുന്നു. പല മേഖലകളില്‍ നിന്നുള്ള സിഐടിയു പ്രവര്‍ത്തകര്‍ ദിവസവും കമ്പനിയുടെ മുന്നില്‍ വന്ന് നാമ മാത്രമായ ഞങ്ങളുടെ ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് കളം ചൂടുപിടിപ്പിച്ചു. ഏലൂര്‍, കളമശ്ശേരി, കൊച്ചി തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ ഇങ്ങനെ സമരം ചെയ്യാനായി മാത്രം കോലഞ്ചേരിയില്‍ എത്തി. മോശം ഭാഷയായിരുന്നു അവരുടേത്. ഞങ്ങളെ നിങ്ങള്‍ക്കറിയില്ലെന്ന് അവര്‍ മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.”
“ആ നാളുകള്‍ ഇന്നും കണ്‍മുന്നിലുണ്ട്. ഗേറ്റില്‍ 30,40 വരുന്ന സിഐടിയു പ്രവര്‍ത്തകര്‍ കൊടി കുത്തിയിരിക്കുകയാണ്. മാനേജ്‌മെന്റിലുള്ളവര്‍ക്ക് മാത്രം കമ്പനിക്ക് അകത്തേക്ക് പ്രവേശിക്കാം. ഞങ്ങളുടെ കാറുകള്‍ കയറ്റിവിടും. ജോലിചെയ്യാന്‍ എത്തുന്നവരെ ഗേറ്റില്‍ തടയും. അവിടെ നിറയെ കൊടികളും പോസ്റ്റുകളും ബാനറുകളും ഒരു സംഭാഷണത്തിനോ വിട്ടുവീഴ്ചയ്ക്ക് അവസരമില്ലാത്ത വിധം വാതിലുകള്‍ അടഞ്ഞു കൊണ്ടിരുന്നു. സമരം ചെയ്യുന്നവര്‍ വ്യാജ പ്രചാരണങ്ങള്‍ നാടെങ്ങും നടത്തിയപ്പോള്‍ കമ്പനിയ്ക്ക് ഉണ്ടായിരുന്ന സല്‍പേരില്‍ കൂടിയാണ് ചെളി വീണത്.”

“കമ്പനിയുടെ ആംബുലന്‍സ് തല്ലി തകര്‍ത്തു, ഉത്പാദനത്തിനുള്ള സാധനങ്ങളുമായി വരുന്ന വണ്ടികള്‍ തടഞ്ഞു. ആവശ്യ സര്‍വീസിലുള്ള ജീവനക്കാരെ പോലും കമ്പനിക്കുള്ളില്‍ കയറ്റാതെ തല്ലി ഓടിച്ചു. പോലീസിന് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ഇതൊരു വലിയ പ്രതിസന്ധിയായി. പ്രവര്‍ത്തിപ്പിക്കാൻ കഴിയാത്ത ഫാക്ടറിയില്‍ നിന്ന് എങ്ങനെയാണ് സാധനങ്ങള്‍ അയക്കുക. ഞങ്ങള്‍ കൈകാലുകള്‍ കെട്ടപ്പെട്ടവരായിരുന്നു. നഷ്ടം ദിനംപ്രതി കൂടി വന്നു. അത് കോടികളിലേക്ക് പെരുകി.”
ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടിക്കൂടി വന്നു കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിന് വെളിയിലേക്ക് മാറ്റാമെന്ന് തത്വത്തില്‍ ധാരണയായി. മനം മടുത്തൊരു ദിവസം ഞാൻ ലോകത്തോട് വിളിച്ചുപറഞ്ഞു, “എനിക്കു മതിയായി, ഞാനും കമ്പനിയും ഈ നാട് വിടുകയാണ്”- വിജു ജേക്കബ് എഴുതുന്നു.
“എങ്ങനെയാണ് ഇത്ര ഗുരുതരമായ തൊഴില്‍ തര്‍ക്കത്തിന് അവസാനം പരിഹാരം ഉണ്ടായതെന്നും വിജു എഴുതുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാല്‍ മാത്രമേ പ്രശ്‌നം പരിഹാരമുണ്ടാകു എന്ന് തോന്നിയപ്പോള്‍ ആദ്യമായി പിണറായി വിജയന്‍ എന്ന നേതാവിനു മുന്നിലെത്തി. സ്റ്റാഫിന്റെയും പ്ലാന്റ് ഓപ്പറേറ്റര്‍മാരുടെയും ശമ്പളം, കമ്പനിയുടെ പ്രവര്‍ത്തന രേഖകള്‍ എന്നിവ അദ്ദേഹത്തിന് കൊടുത്തു. മുഖ്യമന്ത്രി അതെല്ലാം രണ്ടുമൂന്നു പേജ് മറിച്ചു നോക്കി, എന്നിട്ട് പറഞ്ഞു നിങ്ങള്‍ പൊയ്‌ക്കോളൂ ഞാന്‍ നോക്കിക്കോളാം”.
“ഭാഗ്യം എന്നു പറയട്ടെ ആ ദിവസങ്ങളില്‍ നിയമസഭ ചേരുന്നുണ്ടായിരുന്നു. ചാനലുകളിലും പത്രങ്ങളിലും സിന്തൈറ്റിലെ സമരം പ്രധാന വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നു. കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നത് വലിയ തലക്കെട്ടുകളായി. മലയാള മനോരമ മുഖപ്രസംഗം വരെ എഴുതി. അന്നത്തെ കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്‍ വിഷയം അടിയന്തര പ്രമേയമായി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേരളത്തിലെ വ്യവസായന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും, വ്യാവസായിക സൗഹൃദ സംസ്ഥാനമാകണം ഇവിടം എന്നും അദ്ദേഹത്തെ പിന്തുണച്ചവര്‍ പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ സമരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതിന്റെ തലേന്നാണ് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത്. അതും നിയമസഭയിലെ ചര്‍ച്ചയും അനുഗ്രഹമായി ഭവിച്ചു.”
“അന്ന് വൈകുന്നേരം ആയപ്പോള്‍ സമരം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തെളിഞ്ഞുവന്നു. മുഖ്യമന്ത്രിയുടെ അവസരോചിതമായ ഇടപെടലാണ് ഇതിന് കളമൊരുക്കിയത്. ആ കടപ്പാടും സ്‌നേഹവും ബഹുമാനവും ഇന്നും എനിക്ക് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോടുണ്ട്.”
പിണറായി വിജയന്‍ ഭരിക്കുന്ന കാലത്തുപോലും വ്യവസായികളുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് അരനൂറ്റാണ്ടായി നാട്ടില്‍ വ്യവസായം നടത്തുന്ന മുന്‍നിര ബിസിനസുകാരനായ വിജു ജേക്കബിനു പോലും പറയാനുള്ളത്. എത്ര പരിഷ്‌കാരങ്ങള്‍ വരുത്തിയാലും രാഷ്ടീയക്കാരുടെ, തൊഴിലാളി സംഘടനകളുടെ, ഉദ്യോഗസ്ഥരുടെ മനോഭാവമാണ് മാറേണ്ടത് – അദ്ദേഹം പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here