ഇന്ത്യയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്; ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടം സിറിയയ്ക്ക്

ഹൈദരാബാദില്‍ നടന്ന ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ സിറിയ കിരീടം സ്വന്തമാക്കി. ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറിയ തകര്‍ത്തത്. വിജയം ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് സിറിയ നല്‍കിയത്.

ആദ്യ മത്സരത്തില്‍ മൗറീഷ്യസുമായി ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനിലയായിരുന്നു. അതിനാല്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ കിരീടത്തിന് സമനില മാത്രം വേണ്ടിയിരുന്ന സിറിയ മികച്ച കളി പുറത്തെടുത്താണ് ഇന്ത്യക്ക് കനത്ത പരാജയം നല്‍കിയത്. സിറിയ നേരത്തേ, മൗറീഷ്യസിനോടും (2-0) വിജയിച്ചിരുന്നു.

ഏഴാം മിനിറ്റില്‍ മഹ്‌മൂദ് അല്‍ അസ്‌വാദിന്റെ ഗോളിലൂടെ സിറിയ മുന്നിലെത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സിറിയന്‍ പ്രതിരോധനിര ശക്തമായി ചെറുത്തുനിന്നു. 76-ാം മിനിറ്റില്‍ ദലിഹോ ഇറന്‍ദസ്റ്റും ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ പാബ്ലോ സബാഗും സിറിയന്‍ വിജയം ഉറപ്പാക്കി.

ഇന്ത്യക്ക് അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. 60-ാം മിനിറ്റില്‍ ഗോള്‍ എന്നുറപ്പിച്ച സഹലിന്റെ മികച്ച നീക്കം സിറിയ തടഞ്ഞതോടെ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ പരാജയം പൂര്‍ത്തിയായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top