തൂക്കിക്കൊല്ലലിന് പറയുന്നത് സല്‍ക്കാരമെന്ന്; നിരന്തര ലൈംഗിക അതിക്രമവും; സിറിയന്‍ ജയിലിലെ തടവുകാരെ മോചിപ്പിച്ച് വിമതസേന

സിറിയന്‍ ജയിലില്‍ നരകയാതന അനുഭവിച്ച തടവുകാര്‍ മിക്കവരും മോചിതരായി. രണ്ട് പതിറ്റാണ്ടിലേറെയായി ഭരണം നടത്തിയിരുന്ന ബാഷർ അൽ അസാദിനെ തുരത്തിയാണ് വിമതസേന തടവുകാരെ മോചിപ്പിച്ചത്. ആലെപ്പൊ, ദമാസ്‌കസ്, ഹമ ജയിലുകളിലുള്ള തടവുകാരെയാണ് മോചിപ്പിച്ചത്. ഇതില്‍ കൊടുംക്രൂരതകള്‍ അരങ്ങേറിയത് ദമാസ്‌കസിലെ സെയ്ദ്‌നയ ജയിലിലാണ്.
സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം ബാഷർ അൽ അസാദ് ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇവരെല്ലാം തന്നെ വധശിക്ഷയ്ക്ക് വിധേയരാവുകയോ മരിക്കുകയോ ഒക്കെ ചെയ്തവരാണ്.
ദമാസ്‌കസിലെ സെയ്ദ്‌നയ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ (ദുര്‍ഗ്ഗുണപരിഹാരകേന്ദ്രങ്ങള്‍) ഉണ്ടെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജനങ്ങളെ അറസ്റ്റ് ചെയ്‌താല്‍ ചുവന്ന ജയില്‍. സൈനികരെ അറസ്റ്റ് ചെയ്‌താല്‍ വെള്ള ജയില്‍.
ചുവന്ന കെട്ടിടത്തിലുള്ള പതിനായിരത്തിലേറെ തടവുകാരെ രഹസ്യമായി വധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തൂക്കിലേറ്റും മുന്‍പ് ഇവരെ സൈനിക കോടതികളില്‍ ഹാജരാക്കി വധശിക്ഷയ്ക്ക് വിധിക്കും. തൂക്കി കൊല്ലുന്നതിനെ സല്‍ക്കാരം എന്നാണ് വിശേഷിപ്പിക്കുന്നത്.
ശിക്ഷ നടപ്പിലാക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം ഇവരെ ജയില്‍ മാറ്റം എന്ന് പറഞ്ഞ് ചുവന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള തടവറയിലെത്തിക്കും. പിന്നീട് ക്രൂരമര്‍ദനം. അര്‍ധരാത്രിയോടെ കണ്ണുകള്‍ കെട്ടി വാഹനങ്ങളില്‍ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ബേസ്‌മെന്റിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും. ഓരോതവണയും 20 മുതല്‍ 50 പേര്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ള കെട്ടിടത്തിലേക്ക് മാറ്റുന്നവര്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല.
ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ചുവന്ന കെട്ടിടത്തിലെ തടവുകാരോട് അതിക്രൂരമായാണ് പെരുമാറിയത്. ക്രൂരമര്‍ദനം കൂടാതെ ലൈംഗികാതിക്രമത്തിനും അവര്‍ നിരന്തരം വിധേയരാക്കപ്പെട്ടു. ഭക്ഷണമോ വെള്ളമോ മരുന്നോ പലപ്പോഴും ലഭിച്ചിരുന്നില്ല. ജയിലുകളില്‍ നിരവധി രോഗങ്ങള്‍ പടര്‍ന്നിരുന്നു. തടവുകാരെ തടവുകാരെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചിരുന്നു. തടവറകളില്‍ നിന്ന് പുറത്തുവന്ന മിക്കവരും മാനസികമായി തകര്‍ന്നവരാണ് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here