ബിജെപിയെ പേടിച്ച് രാഹുല്‍ഗാന്ധിയെ കാണാതെ സിറോ മലബാര്‍ സഭാ നേതൃത്വം; മാർ ആലഞ്ചേരിയും മാർ താഴത്തും വിട്ടുനിന്നു

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം കേരള കത്തോലിക്ക മെത്രാന്‍ സമിതി ( കെസിബിസി ) ആസ്ഥാനത്ത് വിവിധ സഭകളിലെ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് സിറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പിആര്‍ഒ ഫാദര്‍ ആന്റണി വടക്കേക്കരയാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോള്‍ കണ്ണൂക്കാടന്‍ കെസിബിസിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭ വിഭാഗമായ സിറോ മലബാര്‍ സഭയുടെ വിട്ടു നില്‍ക്കലിന്റെ പിന്നില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന മാര്‍ ആലഞ്ചേരി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനെ പിണക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന ഒരു പ്രമുഖ സിപിഎം നേതാവ് സഭയുമായി അടുപ്പമുളള വ്യക്തിയാണ്. ഇയാളെ ഇഡിയുടെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സഭയ്ക്കുണ്ട്. വരാന്‍ ഇരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ സഭകളുടെ പിന്തുണ തേടി ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.

വടക്കേ ഇന്ത്യയിലും മണിപ്പൂരിലും ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ഇനിയും വ്യക്തമായ നിലപാട് പ്രഖ്യാപിക്കാത്ത ബിജെപിയുമായി ഏതെങ്കിലും തരത്തില്‍ സഖ്യമോ അടുപ്പമോ ഉണ്ടാക്കുന്നതിനോട് സിറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. അതിലുപരി ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയ കേസിന്റെ നടപടികള്‍ നടന്നു വരികയാണ്. ഈ സാഹചര്യങ്ങളൊക്കെ തന്നെ സിറോ മലബാര്‍ സഭയുടെ നേതൃത്വത്തെ ബിജെപിയുമായി നേരിട്ട് സൗഹൃദം സ്ഥാപിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് സംസ്ഥാന ബിജെപി നേതാക്കള്‍ സഭാ നേതൃത്വങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മണിപ്പൂരില്‍ കലാപമുണ്ടാകുകയും ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായത്. മണിപ്പൂരില്‍ രണ്ടായിരത്തിലധികം പള്ളികള്‍ തകര്‍ക്കപ്പെടുകയും നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂര്‍ കലാപത്തെ തളളിപറയാത്തതിലും ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാത്തതിലും സഭകളുടെ ദേശീയ നേതൃത്വങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഈ സാഹചര്യത്തിലാണ് സിറോ മലബാര്‍സഭ ബിജെപിയുമായി പരസ്യമായ ആശയവിനിമയത്തിന് തയാറാകാതെ നില്‍ക്കുന്നത്. രാഹുല്‍ഗാന്ധിയുമായുള്ള ആശയവിനിമയം കേന്ദ്രസര്‍ക്കാറിനെ പ്രകോപിപ്പിക്കുമോയെന്ന ഭയം കൊണ്ടാണ്‌ സഭയുടെ നേതൃത്വം പൂര്‍ണ്ണമായും വിട്ടു നിന്നത്.

രാഹുല്‍ഗാന്ധി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയടക്കം ഏഴു മെത്രാന്‍മാരുമായാണ് ചര്‍ച്ച നടത്തിയത്. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കേരള ലാറ്റിന്‍ കാത്തലിക് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാര്‍ ബര്‍ണബാസ്, ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് യൂഹാനോന്‍ മാര്‍ പോളികാര്‍പസ്, യാക്കോബായ സഭയില്‍നിന്ന് മാത്യൂസ് മാര്‍ അന്തീമോസ്,. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി, സിറോ മലബാര്‍ സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കര എന്നിവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top