അനുസരണക്കേട് ഉന്നയിച്ച് വൈദികപട്ടം മുടക്കുന്നു; എട്ട് ഡീക്കൻമാർ ത്രിശങ്കുവിൽ; അങ്കമാലി രൂപതയിലെ തർക്കം എല്ലാ പരിധിയും വിടുമ്പോൾ

തീർത്തും അസാധാരണമായ പ്രതിസന്ധിയാണ് കത്തോലിക്ക സഭയിൽ ഉടലെടുത്തിരിക്കുന്നത്. കുർബാനയർപ്പണ രീതിയുടെ പേരിൽ എറണാകുളം -അങ്കമാലി രൂപതക്കാരും സിറോ മലബാർ സഭയിലെ ഇതര രൂപതകളും തമ്മിൽ ഉടലെടുത്തിരിക്കുന്ന തർക്കം അഴിക്കാനാകാത്ത കുരുക്കിലേക്ക് നീങ്ങുകയാണ്. ജനാഭിമുഖ കുർബാന അർപ്പിക്കാമെന്ന് ഉറപ്പ് നൽകാത്തതിനാൽ എറണാകുളം -അങ്കമാലിക്കാരായ എട്ട് വൈദിക വിദ്യാർത്ഥികൾക്ക് പട്ടം നൽകാനാവില്ല എന്നാണ് സഭാ നേതൃത്വത്തിൻ്റെ നിലപാട്. ഇവരെല്ലാവരും പഠനം പൂർത്തിയാക്കി വൈദികപട്ടം സ്വീകരിക്കാൻ കാത്തിരിക്കുന്നവരാണ്. ഇതോടെ കടുത്ത പ്രതിഷേധത്തിലായ അങ്കമാലിക്കാർ നാളെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

കഴിഞ്ഞ എട്ടുവർഷത്തിനിടെ രൂക്ഷമായി മാറിയ തർക്കങ്ങൾ സമവായത്തിൽ എത്തിക്കാനുള്ള ദൗത്യവുമായി ചുമതലയേറ്റ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെതിരെ ആണ് വൈദികർ അടക്കമുള്ളവരുടെ പരസ്യ വെല്ലുവിളി. മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചിട്ടുളള കുർബാന ചൊല്ലാമെന്ന് ഈ എട്ട് പേരും സന്നദ്ധത അറിയിക്കാത്തതു കൊണ്ടാണ് പട്ടം കൊടുക്കാത്തത് എന്നാണ് അതിരൂപതാ ഭരണസമിതിയുടെ (കൂരിയ) നിലപാട്. “തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കേണ്ട അനുസരണ വ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപ്പാപ്പ അംഗീകരിച്ചിരിക്കുന്ന രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കൻമാർ അറിയിച്ചിട്ടില്ല”- അതിരൂപത വാർത്താകുറിപ്പിൽ അറിയിച്ചത് ഇങ്ങനെയാണ്.

പുതിയ ഭരണ സമിതിയുമായി സഹകരിക്കില്ല എന്ന് അതിരൂപതയിലെ വൈദികയോഗം പ്രഖ്യാപിച്ചതോടെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങി. ഒരിടവേളയ്ക്കു ശേഷം എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവും ഭൂമി ഇടപാടുകളിലെ അഴിമതിയും സഭാ നേതൃത്വവും വിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ഇതിനും പുറമെയാണ് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ എട്ടു പേർക്ക് പട്ടം നൽകുന്ന ചടങ്ങുകളും നീണ്ടു പോകുന്നത്. ജനാഭിമുഖ കുര്‍ബാനയോട് അനുഭാവം പ്രകടിപ്പിക്കുന്ന അതിരൂപതയിലെ ഭരണ സമിതി അംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ പുറത്താക്കിയതോടെയാണ് ഏറ്റുമുട്ടൽ കൂടുതൽ വഷളാകുന്നത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണങ്ങളില്‍ തെളിവു നശിപ്പിക്കാനാണ് ഭരണസമിതി പുനസംഘടിപ്പിച്ചത് എന്ന് വിമത വിഭാഗം ആരോപിക്കുന്നു. ഏതാണ്ട് 300ലധികം വൈദികർ തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങി. അതിരൂപത ഭരണസമിതിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വൈദിക സമിതി. ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് നേരത്തെ ഒഴിവാക്കപ്പെട്ട ഔദ്യോഗിക പക്ഷത്തെ ഫാദര്‍ ജോഷി പുതുവ ഉള്‍പ്പെടെ ഉളളവര്‍ക്ക് അതിരൂപതാ ഭരണസമിതിയായ കൂരിയയില്‍ നിര്‍ണായക ചുമതലകള്‍ ഇപ്പോൾ നല്‍കിയിട്ടുണ്ട്. ഭുമിയിടപാടിലും കോവിഡ് കിറ്റ് വിതരണത്തിലും ആരോപണ വിധേയരായ ഇവരെ അംഗീകരിക്കാനാവില്ല എന്നാണ് ആത്മീയ മുന്നേറ്റവും വൈദിക സമിതിയും ആരോപിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here