മാർ ആലഞ്ചേരിയുടെ രാജിയിൽ തീരുമോ കലാപം? സിറോ മലബാർ സഭ കടന്നുപോകുന്നത് നിർണായക അധികാര കൈമാറ്റത്തിലൂടെ

കൊച്ചി: സിറോ മലബാര്‍ സഭയില്‍ നിര്‍ണായക മാറ്റങ്ങള്‍. കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി സഭാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. സഭാ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൌണ്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെയാണ് തീരുമാനം അറിയിച്ചത്. മാർ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന് താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് താത്കാലിക ചുമതല നല്‍കിയത്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം സഭയിൽ പുകഞ്ഞുകത്തിയ ഭൂമിവിൽപന വിവാദവും കുർബാനയർപ്പണ രീതിയെച്ചൊല്ലിയുള്ള തർക്കങ്ങളുമാണ് രാജികളിലേക്ക് നയിച്ചത്. പുതിയ സഭാ അധ്യക്ഷനെ ജനുവരിയിൽ ചേരുന്ന സിനഡ് തിരഞ്ഞെടുക്കും.

2019 ജൂലായ്‌ മാസം തന്നെ രാജിവെക്കാനുള്ള തീരുമാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നതായി മാർ ആലഞ്ചേരി പറഞ്ഞു. “സഭയിലെ വര്‍ദ്ധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യപ്രശ്നങ്ങളുമാണ് സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ എത്തിച്ചത്. സഭാ സിനഡിനെ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍ സിനഡ് അംഗീകരിച്ചില്ല. 2022 നവംബറില്‍ വീണ്ടും പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷം എന്റെ അപേക്ഷയില്‍ മാര്‍പ്പാപ്പ തീരുമാനം എടുത്തിരിക്കുകയാണ്. വിരമിക്കാന്‍ അദ്ദേഹം അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഈ സ്ഥാനമാറ്റ സമയത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”- മാർ ആലഞ്ചേരി പറഞ്ഞു.

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറുകൊണ്ട സഭാധ്യക്ഷ്യനായിരുന്നു മാർ ജോർജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപയുടെ തലവനും മേജർ ആർച്ചുബിഷപ്പുമായി അദ്ദേഹം അധികാരമേറ്റത് മുതൽ കല്ലുകടിയുണ്ടായിരുന്നു. സഭയിലെ അധികാരശ്രേണിയിൽ നേരെ എതിർപക്ഷത്ത് നിൽക്കുന്ന ചങ്ങനാശേരി അതിരൂപതയിൽ നിന്നൊരാൾ തങ്ങളുടെ തലപ്പത്ത് വന്നത് എറണാകുളം അങ്കമാലിക്കാർക്ക് ദഹിക്കുന്നതായിരുന്നില്ല.

അതിനൊപ്പം ചങ്ങനാശേരിക്കാരുടെ കുർബാനാ രീതിയായ അൾത്താരാ അഭിമുഖ ബലിയർപ്പണം എറണാകുളത്തും നടപ്പാക്കാൻ മാർ ആലഞ്ചേരി ശ്രമിച്ചതും ഭിന്നതക്ക് ആക്കംകൂട്ടി. അത് തുടരുമ്പോഴാണ് 2016ൽ ഭൂമിവിൽപന വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിരൂപതയുടെ കൈവശമിരുന്ന വിലപിടിപ്പുളള ഭൂമികൾ മാർ ആലഞ്ചേരി മുൻകൈയ്യെടുത്ത് വിൽക്കുകയും എന്നാൽ അതിൽ വൻ നഷ്ടം സംഭവിക്കുകയും ചെയ്തതോടെ അദ്ദേഹത്തിൻ്റെ രാജിയാവശ്യം ഉയർന്നു. തൊട്ടുപിന്നാലെ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖകൾ ചമച്ചുവെന്ന മറ്റൊരു കേസിൽ എറണാകുളം അങ്കമാലി പക്ഷത്തെ പ്രമുഖ വൈദികർ പ്രതിസ്ഥാനത്ത് വരികയും ചെയ്തതു.

ഏറ്റവും ഒടുവിൽ എറണാകുളത്തുകാരുടെ രീതിയായ ജനാഭിമുഖ കുർബാന പറ്റില്ലെന്ന് സിറോ മലബാർ സിനഡ് തീരുമാനിച്ചതും മാർ ആലഞ്ചേരിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കൊണ്ടെത്തിച്ചത്. മറൈൻ ഡ്രൈവിലെ മെത്രാസനമന്ദിരം പ്രതിഷേധവേദിയായി മാറുകയും ബിസിലിക്ക പൂട്ടിയിടുകയും ചെയ്യേണ്ട സ്ഥിതിയെത്തിയതോടെ ഒത്തുതീർപ്പു നിർദേശവുമായി മാർപ്പാപ്പയുടെ പ്രതിനിധി എത്തിയെങ്കിലും സംഘർഷം കൈവിട്ടുപോകുന്നത് നേരിൽകണ്ടാണ് തിരിച്ചുപോയത്.

ഇതിന് പിന്നാലെയാണ് മാർ ആലഞ്ചേരിയുടെയും മാർ താഴത്തിൻ്റെയും രാജിക്ക് വഴിയൊരുങ്ങിയത്. ഇക്കഴിഞ്ഞ ഏതാനും നാളുകളിലെ ശാക്തിക ബലാബലത്തിൽ എറണാകുളം അങ്കമാലി പക്ഷത്തിൻ്റെ കണ്ണിലെ കരടായിരുന്നവരാണ് ഇവർ രണ്ടുപേരും എന്നതാണ് ശ്രദ്ധേയം.

2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ആലഞ്ചേരി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top