കത്തോലിക്കാ യുവതയുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സഭ; സംരംഭങ്ങള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കും
സീറോ മലബാര്‍ സഭയിലെ യുവതി – യുവാക്കളുടെ അനിയന്ത്രിതമായ വിദേശ കുടിയേറ്റം തടയാന്‍ വിവിധ പദ്ധതികളുമായി സഭാ നേതൃത്വം. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഈ നീക്കത്തിന് പിന്നില്‍.
ആധുനിക സംരംഭങ്ങള്‍ക്ക് വഴിയൊരുക്കി ചെറുപ്പക്കാരെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ത്രിദിന വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ ആരംഭിച്ചു. പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. സാങ്കേതിക പരിശീലനവും, മുതല്‍ മുടക്കാനുള്ള സഹായവും നല്‍കി ചെറുപ്പക്കാരെ സ്വയംപര്യാപ്തരാക്കി നാട്ടില്‍ തന്നെ നിലനിര്‍ത്താനാണ് സഭ ആലോചിക്കുന്നത്. സഭയിലെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍ , ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ എംപി ജോസഫാണ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നവരില്‍ പ്രധാനി.
എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കുകയും, കൂട്ടായ വളര്‍ച്ചക്ക് പരസ്പര സഹായവും സഹകരണവും നൽകേണ്ടതുമാണ്. സഭ വളര്‍ന്നത് അങ്ങനെയാണ്. ഒരുമയില്ലാതെ ഒരു സമൂഹത്തിനും വളരാനാവില്ലെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ പെരുന്തോട്ടം പറഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ നാടുവിടുന്നതോടെ സഭയില്‍ വൃദ്ധജനങ്ങള്‍ മാത്രം അവശേഷിക്കുന്ന സ്ഥിതിയുണ്ടാകും. ഭൂസ്വത്തുക്കളും നോക്കിനടത്താന്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടാവുന്നു. ഇത് അപകടകരമാണെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു.
യാതൊരു മാനദണ്ഡങ്ങളോ, പരിശീലനമോ, യോഗ്യതയോ നോക്കാതെ കത്തോലിക്കാ സഭയിലെ ചെറുപ്പക്കാര്‍ വിദേശങ്ങളിലേക്ക് പോവുകയാണ്. ഇത് അപകടകരമായ ട്രെന്‍ഡാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഭാ വൃത്തങ്ങള്‍ പ്രതികരിച്ചു. മിനിമം കൂലി പോലും കിട്ടാത്ത അവസ്ഥയിൽ ഇവിടെ നില്‍ക്കുമ്പോള്‍ എന്തിനിവിടെ തുടരണമെന്ന ചെറുപ്പക്കാരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്ത അവസ്ഥയില്‍ നിന്നാണ് ഇങ്ങനെയൊരു കൂട്ടായ്മ ആരംഭിച്ചതെന്ന് സഭ വ്യക്തമാക്കി.
നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യോഗത്തിലും ചെറുപ്പക്കാരുടെ വിദേശ കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ഉണ്ടാകും എന്നാണ് സൂചന. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കെസിബിസി യോഗത്തില്‍ വയനാട് ദുരന്തവും പുനരധിവാസ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here