ശവപ്പെട്ടി ഒഴിവാക്കി തുണിക്കച്ചയില്‍ മൃതദേഹ സംസ്‌കാരം; സിറോ മലബാർ സഭയിൽ പുതിയ മാതൃക
ആഡംബര ശവപ്പെട്ടികളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് പ്രകൃതിക്ക് അപകടമാണെന്ന തിരിച്ചറിവിലേക്ക് ഒരുവിഭാഗം വിശ്വാസികൾ എത്തുന്നു. പെട്ടി ഒഴിവാക്കി മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞ് സംസ്കരിക്കുന്ന രീതിക്ക് ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തുടക്കം കുറിച്ചു. സീറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിയില്‍ ഉള്‍പ്പെട്ടതാണ് പള്ളിപ്പുറം ഇടവക.
പണ്ടുകാലത്ത് മാവിൻ്റെ അടക്കം പെട്ടെന്ന് മണ്ണില്‍ ദ്രവിച്ചു പോകുന്ന തടികൾ കൊണ്ടാണ് പെട്ടികൾ നിർമ്മിച്ചിരുന്നത്. കാലം മാറിയതോടെ വില കൂടിയ തടികളില്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും ചേര്‍ത്ത പെട്ടികളില്‍ മൃതദേഹങ്ങള്‍ പള്ളികളില്‍ അടക്കുന്നത് പതിവായി. ഇതുമൂലം മൃതദേഹങ്ങള്‍ അഴുകി ചേരാന്‍ ഒരുപാട് കാലം വേണ്ടി വരുന്ന സ്ഥിതിയാണ്. പ്രത്യേകിച്ചും ഉപ്പു കലര്‍ന്ന മണ്ണുള്ള തീരപ്രദേശങ്ങളില്‍. ഇതോടെയാണ് പലരും മാറി ചിന്തിക്കാൻ തുടങ്ങിയത്.
ഇടവകാംഗങ്ങള്‍ ഐകകണ്‌ഠേനയാണ് തീരുമാനത്തില്‍ എത്തിയതെണ് വികാരി പീറ്റര്‍ കണ്ണമ്പുഴ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. രണ്ട് മാസത്തിലധികമായി ഇടവകയുടെ വിവിധ തലങ്ങളില്‍ ഇത്തരം സംസ്‌കാരം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശ്വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു. വളരെ പോസിറ്റീവായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ഒപ്പം ചെലവു കുറഞ്ഞ രീതിയില്‍ സംസ്‌കാരം നടത്താനും കഴിയുമെന്ന് ഫാ. പീറ്റര്‍ പറഞ്ഞു. 61കാരനായ ദേവസ്യ എന്ന വ്യക്തിയുടെ ദേഹമാണ് തുണിക്കച്ചയില്‍ പൊതിഞ്ഞ് അടക്കിയത്.
യേശുവിൻ്റെ മൃതദേഹം തുണിക്കച്ചയിൽ പൊതിഞ്ഞ് കല്ലറയിൽ വെച്ചുവെന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ വീടുകളില്‍ നിന്ന് മരിച്ച വ്യക്തിയുടെ ശരീരം സ്റ്റീല്‍ പെട്ടിയിലാക്കി പളളിയിലേക്ക് എത്തിക്കും. പ്രാര്‍ത്ഥനകൾക്ക് ശേഷം വെള്ളത്തുണിയില്‍ പൊതിഞ്ഞ് കല്ലറയിലേക്ക് ശരീരം ഇറക്കും. കഴിയുന്നിടത്തോളം പ്ലാസ്റ്റിക്കും പൂക്കളും ഒഴിവാക്കുന്നതാണ് പ്രകൃതിക്ക് നല്ലതെന്നും വികാരി പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു.
ശവസംസ്‌കാരം പോലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഏറ്റെടുത്ത് നടത്തുന്ന ഇക്കാലത്ത് തുണിക്കച്ചയിലെ ശവമടക്കല്‍ പരിപാടിയോട് സീറോ മലബാര്‍ സഭയിലെ മറ്റ് ഇടവകകളും വിവിധ സഭകളും എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഒട്ടുമിക്ക ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥല പരിമിതി മൂലം കല്ലറകള്‍ പണിയാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പല ക്രിസ്ത്യാനികളും പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ തയ്യാറാകുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് മരിച്ച ധാരാളം ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം ഇത്തരത്തില്‍ ദഹിപ്പിച്ചിരുന്നു. പിന്നീട് പലരും ഇങ്ങനെ ദഹിപ്പിച്ചവരുടെ മൃതദേഹ അവിശിഷ്ടങ്ങള്‍ കുടുംബ കല്ലറയിലും മറ്റും അടക്കിയിരുന്നു. അടുത്തിടെ അന്തരിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് ലാല്‍ കല്‍പ്പകവാടിയുടെ ശരീരം പ്രാര്‍ത്ഥനകള്‍ക്കു ശേഷം പൊതുശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ഭസ്മവും മറ്റും കുടുംബ കല്ലറയിലാണ് നിക്ഷേപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here