വൈദികനെതിരായ മതകോടതിയുടെ നടപടികള്‍ 20ന് ആരംഭിക്കും; ബിഷപ്പിനെതിരെ കലാപാഹ്വാനം നടത്തിയെന്നത് പ്രധാന കുറ്റം; വിധിയെന്തായാലും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് ഫാ. അജി പുതിയാപറമ്പില്‍
എറണാകുളം: താമരശ്ശേരി ബിഷപ്പിനെ വിമര്‍ശിച്ച വൈദികനെതിരായ കുറ്റവിചാരണ നടപടികള്‍ ഈ മാസം 20ന് മതകോടതിയില്‍ ആരംഭിക്കും. സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത വൈദികനായ ഫാ. അജി പുതിയാപറമ്പിലിനെതിരെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന കുറ്റം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കുറ്റവിചാരണ കോടതിയുടെ അധ്യക്ഷനും, ദീപിക ദിനപത്രം മാനേജിഗ് ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് മുണ്ടനാട്ടാണ് നോട്ടീസ് നല്‍കിയത്. ജൂണ്‍ 30ന് വിചാരണ നടപടികള്‍
പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സമന്‍സില്‍ സൂചിപ്പിച്ചിട്ടുണ്ട്. മതകോടതി സ്ഥാപിച്ച് വൈദികനെ കുറ്റവിചാരണ നടത്താന്‍ ഒരുങ്ങുവെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നത് മാധ്യമ സിന്‍ഡിക്കറ്റായിരുന്നു.
താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിക്കെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചുവെന്നതാണ് പ്രധാന കുറ്റം. സിറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, സ്ഥലം മാറ്റിയ ഇടവകയില്‍ ചുമതലയേറ്റില്ല തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങള്‍. ആധുനിക കാലത്തെ ക്രൈസ്തവ സഭകളില്‍ കേട്ട്‌കേഴ്‌വിയില്ലാത്ത തരത്തിലുളള മതകോടതി സ്ഥാപിച്ചാണ് കുറ്റവിചാരണ നടത്താന്‍ ഒരുങ്ങുന്നത്. എന്തുവന്നാലും താന്‍ കോടതി മുമ്പാകെ ഹാജരായി തനിക്ക് പറയാനുള്ള സത്യങ്ങള്‍ തുറന്ന് പറയുമെന്ന് അജി പുതിയാപറമ്പില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ക്രിസ്തുവിനേയും ബൈബിളിനേയും മുന്നില്‍ നിര്‍ത്തിയായിരിക്കും വാദങ്ങള്‍ ഉന്നയിക്കുക. ക്രിമിനല്‍ കേസില്‍പെട്ടാലും, പീഡനക്കേസില്‍ പ്രതിയായാലും സഭ വൈദികരേയും മറ്റും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങും. എന്നാല്‍ സഭാ നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുകയെന്ന നിലപാടാണ് ബിഷപ്പുമാര്‍ എല്ലാകാലത്തും സ്വീകരിച്ചിട്ടുളളത്. വിധി എന്തുതന്നെയായാലും ക്രിസ്തു പറഞ്ഞ മാര്‍ഗത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാനന്‍ നിയമത്തില്‍ ലൈസന്‍ഷിയേറ്റുള്ള ( ബിരുദാനന്തര ബിരുദം) ഒരു വൈദികനെ അഭിഭാഷകനായി നിയമിക്കാവുന്നതാണെന്നും സാക്ഷികളുടെയും തെളിവുകളുടെയും ലിസ്റ്റ് സമര്‍പ്പിക്കാമെന്നും സമന്‍സില്‍ പറയുന്നുണ്ട്. അത്തരമൊരാളെ താന്‍ അഭിഭാഷകനായി നിയമിച്ചാല്‍ ബിഷപ്പും സഭയും അദ്ദേഹത്തെ വേട്ടയാടാന്‍ ഇടയുണ്ട്. അത് ഒഴിവാക്കാന്‍ സ്വയം കേസ് വാദിക്കുകയാണെന്ന് ഫാ. അജി പറഞ്ഞു.
ഫാ. ജോസഫ് പാലക്കാട്ട് തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21നാണ് വിചാരണ നടത്താനുള്ള ‘ട്രിബ്യൂണല്‍” സ്ഥാപിക്കാന്‍ രൂപതബിഷപ്പ് ഉത്തരവിറക്കിയത്. 2023 മെയ് 13ന് കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയായിരിക്കുന്ന സമയത്ത് കത്തോലിക്ക സഭയില്‍ നടക്കുന്ന അന്യായള്‍ങ്ങക്കെതിരെ ഇദ്ദേഹം ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സഭയ്ക്കുളളിലെ അധികാര വടംവലിയും കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ള സഭാ നേതാക്കള്‍ കോടതി കയറി ഇറങ്ങുന്നതും സിറോ മലബാര്‍ സഭയിലെ ജീര്‍ണ്ണതയുടെ തെളിവാണെന്ന് ഫാ. അജി ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. സഭാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനത്തിനൊടുവില്‍ താന്‍ ശുശ്രൂഷാദൗത്യം ഉപേക്ഷിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം സഭാ നേതൃത്വത്തെ ഞെട്ടിച്ചു. 20 വര്‍ഷമായി വൈദികനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഹരിയാനയിലും, രാജസ്ഥാനിലുമുള്ള ഖാപ്പ് പഞ്ചായത്തിന്റെ മാതൃകയാണ് സഭ കുറ്റവിചാരണ കോടതികള്‍ക്കുള്ളത്. സഭയുടെ മധ്യകാലഘട്ടത്തില്‍ കുറ്റവിചാരണ കോടതികളിലൂടെ നടത്തിയ ക്രൂരതകള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും മഹാ ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞതാണ്. അത്തരം കോടതികള്‍ സ്ഥാപിച്ച് വൈദികനെ കുറ്റവിചാരണ നടത്താനാണ് സഭ വീണ്ടും ഒരുങ്ങുന്നത്. സഭയില്‍ നടക്കുന്ന നീതി രഹിതമായ കാര്യങ്ങളോട് പ്രതികരിക്കാന്‍ പലര്‍ക്കും ഭയമാണ്. പ്രതികരിക്കുന്നവരെ അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞ് ശിക്ഷിക്കാനാണ് സഭ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും അജി പുതിയാപറമ്പില്‍ പറഞ്ഞു. ഫാ. ബെന്നി മുണ്ടനാടിന് പുറമേ ഫാ. ജയിംസ് കല്ലിങ്കല്‍ വി.സി, ഫാ. ആന്റണി വരകില്‍ എന്നിവരാണ് ട്രിബ്യൂണലിലെ സഹജഡ്ജിമാര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here