പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും കലാപം പ്രഖ്യാപിച്ച് എറണാകുളം-അങ്കമാലി അതിരൂപത; കുര്‍ബാന സംബന്ധിച്ച് സിനഡ് സര്‍ക്കുലര്‍ തള്ളി ഭൂരിപക്ഷം വൈദികരും; വായിച്ചത് 10 പള്ളികളില്‍ മാത്രം
എറണാകുളം: ജനാഭിമുഖ കുർബാന പാടില്ലെന്ന് നിർദേശിച്ച് സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളും. അതിരൂപതയുടെ കീഴിലുള്ള 328 പള്ളികളില്‍ 10 പള്ളികളില്‍ മാത്രമാണ് സിനഡ് സര്‍ക്കുലര്‍ വായിച്ചത്. കുര്‍ബാനത്തർക്കത്തിൽ അങ്കമാലി പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് തന്നെയാണ് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും നിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് തിരഞ്ഞെടുപ്പിന് പിന്നാലെ ചേർന്ന സിനഡ് പുതിയ സർക്കുലർ ഇറക്കിയത്.
വൈദികരുടെയും വിശ്വാസികളുടെയും നിലപാടറിയാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് അതിരൂപത സംരക്ഷ സമിതി പിആര്‍ഒ ഫാ.ജോസ് വൈലിക്കോടത്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സിറോ മലബാര്‍ സഭയുടെ നവീകരിച്ച കുര്‍ബാന പുസ്തകം തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലും ഉപയോഗിക്കുന്നത്. അതിലെ നടപടിക്രമം തെറ്റിച്ചുകൊണ്ടുള്ള കുര്‍ബാന അര്‍പ്പണരീതിയാണ് സിനഡ് നിർദേശിക്കുന്നത്. അക്കാര്യത്തിൽ മാത്രമാണ് എതിര്‍പ്പുള്ളത്. ചർച്ചയൊന്നും ഇല്ലാതെ സിനഡ് മെത്രാന്മാരെടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ അതിരൂപതയെ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്നും പോലും പുറത്താക്കുമെന്ന് പറയുന്നത് ശരിയല്ല. പുതിയ മേജര്‍ ആര്‍ച്ചുബിഷപ് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.
വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലെന്നും, കുര്‍ബാന അര്‍പ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കഴിഞ്ഞ ദിവസം പരസ്യമായി താക്കീതുരൂപത്തിൽ പറഞ്ഞിരുന്നു. ഇതോടെ മാർ ആലഞ്ചേരിയോട് സ്വീകരിച്ച സമീപനം കുർബാനക്കാര്യത്തിലെങ്കിലും തുടരേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് അങ്കമാലി പക്ഷം വിലയിരുത്തുന്നത്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് ചുമതലയേറ്റ ശേഷവും അതിരൂപതയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉടന്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here