മണിപ്പൂര്‍ കലാപ വീഡിയോയുടെ പേരില്‍ കേസ് വന്നതില്‍ ദു:ഖിതന്‍; ഫാ. അനില്‍ ഫ്രാന്‍സിസ് ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല; പ്രതികരണവുമായി സാഗര്‍ അതിരൂപത

സാഗര്‍ (മധ്യപ്രദേശ്) : വളരെ ദുഃഖകരമായ സംഭവമാണ് സീറോ മലബാര്‍ സഭയിലെ വൈദികനായ ഫാദര്‍ അനില്‍ ഫ്രാന്‍സിസിന്റെ (40) മരണമെന്ന് മധ്യപ്രദേശ് സാഗര്‍ അതിരൂപത പിആര്‍ഒ സാബു പുത്തന്‍പുരക്കല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ പേരില്‍ എഫ്ഐആര്‍ ഇട്ടിരുന്നു. പക്ഷെ തുടര്‍ നടപടികള്‍ ഒന്നും വന്നിരുന്നില്ല. കേസ് വന്ന വിഷമമുണ്ടായിരുന്നു. പക്ഷെ ആത്മഹത്യ ചെയ്യുമെന്ന ചിന്തയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

രണ്ട് ആത്മഹത്യ കുറിപ്പുകള്‍ ഫാദര്‍ എഴുതി വെച്ചിരുന്നു. ഒന്ന് അന്ത്യകര്‍മ്മങ്ങളെക്കുറിച്ചും രണ്ടാമത് ചുമതലകളെക്കുറിച്ചും. മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ആ രീതിയില്‍ തന്നെ ഞങ്ങള്‍ നടത്തി. സ്വയം എടുത്ത തീരുമാനത്തിലാണ് മരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംസ്കാര കര്‍മ്മങ്ങള്‍ നടത്തിയത്. സാഗര്‍ സ്വദേശി തന്നെയാണ് അനില്‍ ഫ്രാന്‍സിസ്. ഇപ്പോള്‍ സഭയില്‍ അന്ത്യകര്‍മ്മങ്ങള്‍ ദഹിപ്പിക്കുന്ന രീതിയിലും ചെയ്യുന്നുണ്ട്.

ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലാണ് പോലീസും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒരു പ്രസംഗമുണ്ടായിരുന്നു. അനില്‍ ഫ്രാന്‍സിസ് എത്തിയില്ല. ഉച്ചയ്ക്കും എത്തിയില്ല. ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു ശീലമുണ്ട്. ഇതെല്ലാം മനസിലാക്കിയാണ് ഞങ്ങള്‍ തിരഞ്ഞു പോയത്. മിലിട്ടറി ഏരിയയിലെ ഒരു മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു-സാബു പുത്തന്‍ പുരയ്ക്കല്‍ പറയുന്നു.

രണ്ടു ദിവസം മുന്‍പാണ് സീറോ മലബാര്‍ സഭയിലെ വൈദികനും സാഗര്‍ അതിരൂപതാംഗവുമായ ഫാദര്‍ അനില്‍ ഫ്രാന്‍സിസ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തിയിരുന്നു. ഇതിന്റെ സമ്മര്‍ദ്ദത്തിലാണോ ആത്മഹത്യ എന്നും സംശയിക്കുന്നുണ്ട്. ശരീരം ദഹിപ്പിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയാതിനാല്‍ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അക്കാര്യം നിര്‍വഹിക്കുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചിരുന്നു.

2013 ലാണ് വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശ് പോലീസ് ക്രിമിനല്‍ കേസ് എടുത്തത് അറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ ഫ്രാന്‍സിസ് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top