മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്; ഒന്നിച്ചു നില്‍ക്കണം, ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയട്ടെയെന്ന് ആഹ്വാനം

എറണാകുളം : സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ പ്രഖ്യാപിച്ചു. ഇദ്ദേഹം നിലവില്‍ ഷംഷാബാദ് രൂപതാധ്യക്ഷനാണ്. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച ഒഴിവിലേക്കാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനായി മെത്രാന്‍ സിനഡ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്നു വരികയായിരുന്നു. ഇന്നലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. വത്തിക്കാന്റെ അനുമതിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സ്ഥാനാരോഹണം നാളെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ഉച്ചയ്ക്ക രണ്ടരയ്ക്ക് നടക്കും.

1956 ഏപ്രില്‍ 21ന് തൃശ്ശൂരില്‍ ഔസേപ്പ്, ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച റാഫേല്‍ തട്ടില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സി പാസായത്. അതിനുശേഷം സെന്റ് മേരിസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് കോട്ടയം സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രത്തിലും തിയോളജിയിലും ബിരുദം നേടി. 1980ല്‍ വൈദിക പട്ടം നേടി. പിന്നീട് റോമില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 2010 ഏപ്രില്‍ 10ന് തൃശ്ശൂര്‍ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2018 മുതല്‍ ഷംഷാബാദ് രൂപതാധ്യക്ഷനാണ്.

സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാര്‍ റഫേല്‍ തട്ടില്‍. തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തെ മേജർ ആര്‍ച്ച് ബിഷപ്പ് എന്ന പ്രത്യേകതയും തട്ടിലിനുണ്ട്. ദൈവഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപന ശേഷം മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഒറ്റയ്ക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. എല്ലാവരും ഒന്നിച്ചു നില്‍ക്കണം, ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയട്ടെ. മേജര്‍ ആര്‍ച്ച് ബിഷപ്പായതു കൊണ്ട് ഒരു മാറ്റവും തനിക്കുണ്ടാകില്ല. എല്ലാവരുടേയും തട്ടില്‍ പിതാവായി തന്നെ മുന്നോട്ട് പോകുമെന്നും മാര്‍ റാഫേല്‍ തട്ടിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top