നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സീറോ മലബാര്‍ വിശ്വാസികള്‍; റോമിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ടെത്തല്‍ ഞെട്ടിക്കും
സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്ക് നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്. റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ നെബിന്‍ തോമസ് സമര്‍പ്പിച്ച പ്രബന്ധത്തിലാണ് സഭാ നേതൃത്വത്തിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്‍. എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. കത്തോലിക്ക സഭാ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വത്തിക്കാനിലെ ഓംനെസിലാണ് (omnes) ഗവേഷണ പ്രബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാളുകളായി സീറോ മലബാര്‍ സഭയിലും പ്രത്യേകിച്ച് എറണാകുളം – അങ്കമാലി അതിരൂപതയിലും നടക്കുന്ന ലൈംഗിക വിവാദം, ഭൂമി കുംഭകോണങ്ങള്‍, ഏകീകൃത കുര്‍ബാന വിവാദം, ബിഷപ്പ് ഫ്രാങ്കോക്കെതിരെയുള്ള പീഡന ആരോപണങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും അവിശ്വാസവും അവമതിപ്പും ജനിപ്പിച്ചിട്ടുണ്ട്.
ഈ വിവാദങ്ങള്‍ സഭാംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാന്‍ നെബിന്‍ തോമസ് നടത്തിയ സര്‍വേയിലാണ് നേതൃത്വത്തോടുള്ള അവിശ്വാസം ജനങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചത്. സഭയില്‍ മതപ്രബോധന ക്ലാസുകള്‍ എടുക്കുന്ന 5332 പേര്‍ക്കിടയിലാണ് പ്രധാനമായും സര്‍വേ നടത്തിയത്. ഇവരില്‍ 767 പേര്‍ കന്യാസ്ത്രീകളും 14 വൈദികരും 157 വൈദികരാവാന്‍ പഠനം നടത്തുന്ന സെമിനാരി വിദ്യാര്‍ത്ഥികളുമാണ്. തുടരെത്തുടരെ സഭയിലും അതിരൂപതയിലുമുണ്ടായ ലൈംഗിക അപവാദങ്ങള്‍, ഭൂമി കുംഭകോണം ,സാമ്പത്തിക അഴിമതി, നേതൃത്വത്തിന്റെ വഴി പിഴച്ച പോക്കുകളുമൊക്കെ സഭാംഗങ്ങള്‍ക്കിടയില്‍ അവിശ്വാസവും അതൃപ്തിയും പടരാന്‍ ഇടയാക്കിയെന്ന് നെബിന്‍ തോമസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതിരൂപതയിലുണ്ടായ ക്രമക്കേടുകളും നിയമവിരുദ്ധമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സഭാ നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്നാണ് സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളുടേയും അഭിപ്രായം. സഭയ്ക്കുള്ളില്‍ സുതാര്യതയും സാമ്പത്തിക അച്ചടക്കവും പാടെ തകര്‍ന്നുവെന്നാണ് 83 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. സഭാ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളും അഴിമതികളും മൂലം വിശ്വാസികള്‍ക്ക് സഭയോടും സ്ഥാപനങ്ങളോടുമുണ്ടായിരുന്ന മാനസിക ഐക്യവും സമര്‍പ്പണവും നഷ്ടപ്പെട്ടു. സഭയുടെ സ്ഥാപനങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വലിയ ക്ഷതം സംഭവിച്ചുവെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഭൂമി കുംഭകോണം, ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം്, വൈദികരുടെ സാമ്പത്തിക- ലൈംഗിക അതിക്രമങ്ങള്‍ ഇതൊക്കെ വിശ്വാസികളില്‍ നേതൃത്വത്തോട് അവിശ്വാസം വര്‍ദ്ധിപ്പിച്ച ഘടകങ്ങളാണ്. വിവാദങ്ങളും അഴിമതി ആരോപണങ്ങളും കൈകാര്യം ചെയ്തതില്‍ നേതൃത്വം സമ്പൂര്‍ണ പരാജയമായിരുന്നു. കുറ്റവാളികളേയും ആരോപണ വിധേയരേയും രക്ഷിക്കാന്‍ നേതൃത്വത്തിലുള്ളവര്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നവരാണ് 73 ശതമാനം പേര്‍. ധാര്‍മ്മികമായും നിയമപരമായും നടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാ അധികാരികള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇത്തരം നേതൃത്വം നീതി നടപ്പാക്കുമെന്നോ, അഴിമതിക്കാരെ ശിക്ഷിക്കുമെന്നോ പ്രതീക്ഷയില്ലെന്നും 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലെ വിശ്വാസികളുടെ ശക്തമായ ഇടപെടല്‍ നിമിത്തമാണ് നേതൃത്വത്തിന്റെ അഴിമതികളും, ക്രമക്കേടുകളും പുറത്തറിയാന്‍ ഇടയാക്കിയതെന്ന് 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സഭയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ മാര്‍പ്പാപ്പ നേരിട്ട് ഇടപെടണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം വിശ്വാസികളുടേയും അഭിപ്രായം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here